ദോഹ: കാർഷിക, ഭക്ഷ്യ മേഖലകളിൽ സഹകരണമാരംഭിക്കാനും നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനുമായി ഖത്തറിലെ ഭക്ഷ്യമേഖലയിലെ പ്രമുഖ നിക്ഷേപകരായ ഹസാദും റുവാണ്ടൻ സർക്കാറും തമ്മിൽ പൊതുധാരണാപത്രം ഒപ്പുവെച്ചു. ഹസാദ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ റുവാണ്ട ഡെവലപ്മെൻറ് ബോർഡാണ് സർക്കാറിനെ പ്രതിനിധീകരിച്ച് കരാറിൽ ഒപ്പുവെച്ചത്. ആഗോള തലത്തിൽ ഭക്ഷ്യ, കാർഷിക നിക്ഷേപ രംഗത്ത് മുന്നിലെത്തുകയെന്ന ലക്ഷ്യത്തിെൻറ ഭാഗമായി റുവാണ്ടൻ സർക്കാറുമായി പൊതുധാരണാപത്രം ഒപ്പുവെച്ചിരിക്കുന്നുവെന്ന് സി ഇ ഒ മുഹമ്മദ് ബദ്ർ അൽ സാദ പറഞ്ഞു.
വിവിധ രാജ്യങ്ങളിലെ അനുയോജ്യമായ നിക്ഷേപമേഖലകൾ സംബന്ധിച്ച് ഹസാദ് പഠനം നടത്തിവരികയാണെന്നും ഇതിനകം തന്നെ വിവിധ രാജ്യങ്ങളുമായി കരാർ ഒപ്പുവെച്ചിട്ടുണ്ടെന്നും ഹസാദിെൻറ പുതിയ പദ്ധതിയുടെ ഭാഗമാണിതെന്നും അൽ സാദ വ്യക്തമാക്കി. ഖത്തറിന് പുറമേ, കാർഷിക–ഭക്ഷ്യ മേഖലകളിൽ ആസ്േത്രലിയ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലും വമ്പൻ നിക്ഷേപമുള്ള കമ്പനിയാണ് ഹസാദ്. പുതിയ നിക്ഷേപങ്ങൾ സംബന്ധിച്ച് വിവിധ രാജ്യങ്ങളുമായി ഹസാദ് ധാരണയിലെത്തിയിട്ടുമുണ്ട്.