ഫൈനലിന് അരികിൽ ഖത്തർ വീണു; ദക്ഷിണകൊറിയയോട് തോറ്റത് 3-1ന്
text_fieldsദോഹ: 2019ൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടിയതിെൻറ ആഹ്ലാദവും ആവേശവും മനസ്സിൽ നിറച്ച് എ.എഫ്.സി അണ്ടർ ചാമ്പ്യൻഷിപ്പിെൻറ ഫൈനൽ ലക്ഷ്യമിട്ട് ഇറങ്ങിയ ഖത്തരികൾക്ക് ഒടുവിൽ കാലിടറി. ഗ്രൂപ്പ് സ്റ്റേജിലും ക്വാർട്ടർഫൈനലിലും കാഴ്ചവെച്ച പോരാട്ടവീര്യത്തിന് സെമിഫൈനലിൽ ഇടിവ് സംഭവിച്ചപ്പോൾ ശക്തരായ ദക്ഷിണ കൊറിയ ഫൈനലിൽ കടന്നു. ഇന്തോനേഷ്യയിൽ നടക്കുന്ന ടൂർണെമൻറിെൻറ സെമിഫൈനലിൽ ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ചാണ് കൊറിയക്കാർ ഫൈനലിൽ ഇടം നേടിയത്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഗോളടിച്ച് കൂട്ടിയ ഖത്തരി താരങ്ങൾക്ക് ഇന്നലെ ലക്ഷ്യം കാണുന്നതിൽ പിഴച്ചതാണ് പരാജയത്തിന് കാരണം. 51 ശതമാനം സമയവും പന്ത് കൈവശം വെച്ചെങ്കിലും ഗോളിലേക്ക് ലക്ഷ്യം വെക്കാൻ സാധിച്ചില്ല.
ആദ്യ പകുതിയിൽ തന്നെ മൂന്നു ഗോളുകൾ നേടിയ ദക്ഷിണ കൊറിയ ഖത്തരികളെ മാനസികമായി തളർത്തുകയും ചെയ്തു. ദക്ഷിണ കൊറിയക്കായി സീ ജിൻ ജിയോൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ വാൻ സാങ് ഇയോം ഗോൾപട്ടിക പൂർത്തിയാക്കി. ലീ ജിയേക്ക് നേടിയ സെൽഫ് ഗോളാണ് ഖത്തറിെൻറ തോൽവി ഭാരം കുറച്ചത്. ഗെലോറെ ബുങ് കർണോ സ്റ്റേഡിയത്തിൽ മത്സരം തുടങ്ങി 23ാം മിനിറ്റിൽ തന്നെ സീ ജിൻ ദക്ഷിണ കൊറിയയെ മുന്നിലെത്തിച്ചു. മത്സരത്തിൽ ഒപ്പമെത്താനുള്ള ഖത്തറിെൻറ ശ്രമങ്ങൾക്കിടെ വീണ്ടും സീ ജിൻ ഖത്തർ വലക്കണ്ണികൾ കുലുക്കി. അപ്പോൾ മത്സരം അര മണിക്കൂർ പിന്നിട്ടിേട്ട ഉണ്ടായിരുന്നുള്ളൂ. ഖത്തറിെൻറ തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരുന്നവരെ നിരാശരാക്കി ആദ്യ പകുതി അവസാനിക്കുന്നതിെൻറ തൊട്ടുമുമ്പ് വീണ്ടും വല കുലുങ്ങി.
ഒന്നാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ വാൻ സാങ് ഇയോം ആണ് ഖത്തറിെൻറ പ്രതീക്ഷകളുടെ മേൽ അവസാന ആണി അടിച്ചത്. മൂന്ന് ഗോളുകളുടെ കടവുമായി ഇറങ്ങിയ അന്നാബികൾക്ക് പ്രതീക്ഷയുമായി 52ാം മിനിറ്റിൽ ദക്ഷിണ കൊറിയയുടെ ലീ ജിയേക്ക് സ്വന്തം വല കുലുക്കി. തുടർന്നും ഖത്തർ ആക്രമണം ശക്തമാക്കാൻ ശ്രമിച്ചെങ്കിലും ദക്ഷിണ കൊറിയൻ പ്രതിരോധത്തെയും ഗോളിയെയും മറികടക്കാനുള്ള ശേഷിയുണ്ടായിരുന്നില്ല. 90ാം മിനിറ്റിൽ നാസർ അൽ അഹ്റക്ക് ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ പത്തുപേരുമായാണ് ഖത്തർ കളി അവസാനിപ്പിച്ചത്. മറ്റൊരു സെമിഫൈനലിൽ ജപ്പാനെ രണ്ടു ഗോളുകൾക്ക് തോൽപിച്ച സൗദി അേറബ്യയാണ് ഫൈനലിൽ ദക്ഷിണ കൊറിയയുടെ എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
