അധ്യാപകരെ വാർത്തെടുത്ത് ‘തുമൂഹ്’ പദ്ധതി; 391 പേർ ഈ വർഷം പുറത്തിറങ്ങും
text_fieldsദോഹ: രാജ്യത്ത് മികച്ച അധ്യാപകരെ വാർത്തെടുക്കുന്നതിൽ വിദ്യാഭ്യാസ, ഉന്നത വിദ്യാഭാസ മന്ത്രാലയത്തിന് കീഴിലുള്ള തുമൂഹ് പദ്ധതി വലിയ പങ്ക് വഹിക്കുന്നുവെന്ന് മന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദി പറഞ്ഞു. മികച്ച അധ്യാപകരെ വളർത്തിയെടുക്കുന്നതിൽ രാജ്യത്തെ മുൻനിര പദ്ധതികളിലൊന്നാണിതെന്നും ഡോ. അൽ ഹമ്മാദി കൂട്ടിച്ചേർത്തു. ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് ഖത്തർ യൂനിവേഴ്സിറ്റിയിലെ എജുക്കേഷൻ കോളജ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. 2009–2010 അധ്യയന വർഷത്തിലാരംഭിച്ച അധ്യാപക പരിശീലന പദ്ധതിയിൽ ഇതുവരെ 274 അധ്യാപകർ പുറത്തിറങ്ങിയെന്നും നിലവിൽ 391 വിദ്യാർഥികൾ പരിശീലനം തുടരുകയാണെന്നും ഉടൻ തന്നെ അവരും കോഴ്സ് പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളെ അധ്യാപകരിലേക്ക് കൂടുതൽ ആകർഷിക്കുകയാണ് പ്രധാനമായും തുമൂഹ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ ഖത്തർ യൂനിവേഴ്സിറ്റിയിലെ കോളേജ് ഓഫ് എജുക്കേഷെൻറ പങ്ക് നിസ്തുലമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.വിദ്യാർഥികളുടെ അക്കാദമിക് നേട്ടങ്ങൾ വർധിപ്പിക്കുന്നതിലും ദേശീയബോധം വളർത്തുന്നതിലും ക്രിയാത്മകവും നൂതനവുമായ മാർഗങ്ങളിലൂടെ ഖത്തർ നാഷണൽ വിഷൻ അവരിലേക്കെത്തിക്കുന്നതിലും കോളജ് ഓഫ് എജുക്കേഷന് വലിയ പങ്കുണ്ടെന്നും വിദ്യാഭ്യാസ മേഖലയിലെ ലക്ഷ്യങ്ങൾ നേടുന്നതിൽ മന്ത്രാലയത്തിെൻറ പ്രധാന പങ്കാളിയാണെന്നും ഡോ. അലി അൽ ഹമ്മാദി വിശദീകരിച്ചു. ഖത്തർ യൂനിവേഴ്സിറ്റി പ്രസിഡൻറ് ഡോ. ഹസൻ ബിൻ റാഷിദ് അൽ ദിർഹം സംസാരിച്ചു. ഖത്തർ യൂനിവേഴ്സിറ്റിയും വിദ്യാഭ്യാസ മന്ത്രാലയവും തമ്മിലുള്ള സഹകരണവും ബന്ധവും വിശാലാർഥത്തിലുള്ളതാണെന്നും മികച്ച അധ്യാപരെ വാർത്തെടുക്കുന്നതിന് യൂനിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജ് ഓഫ് എജ്യുക്കേഷൻ പ്രതിജ്ഞാബദ്ധമാണെന്നും ഹസൻ റാഷിദ് അൽ ദിർഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
