ചെറിയ അപകടങ്ങളുടെ പേരിൽ ഗതാഗതം സ്തംഭിപ്പിച്ചാൽ പിഴ കൂടും
text_fieldsദോഹ: സാരമായ കേടുപാടുകളും പരിക്കുകളും ഇല്ലാത്ത വാഹനപകടങ്ങൾ മൂലം ഗതാഗതം സ്തംഭിക്കാനിടയായാൽ പിഴ കനക്കുമെന്ന് ഗതാഗത വകുപ്പ്. ചെറിയ ആക്സിഡൻറ് കേസുകളിൽ വാഹനം സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഗതാഗതം സ്തംഭിപ്പിച്ചാൽ 1000 റിയാൽ വരെ പിഴ ചുമത്തുമെന്ന് മദീന ഖലീഫ ട്രാഫിക് ഇൻവെസ്റ്റിഗേഷൻ വിഭാഗം ഡയറക്ടർ ക്യാപ്റ്റൻ അലി ഹമദ് അൽ അസ്വദ് അൽ മർരി പറഞ്ഞു. 2007ലെ ഗതാഗത നിയമം 66ാം വകുപ്പ് പ്രകാരം, സാരമായ പരിക്കുകളില്ലെങ്കിൽ സംഭവസ്ഥലത്ത് നിന്നും ഗതാഗതം തടസ്സപ്പെടുത്താതെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്നും പോലീസിനെ വിവരമറിയിക്കണമെന്നും നിർദേശിക്കുന്നുണ്ട്. നിസാരമായ വാഹനപകട കേസുകളിൽ വാഹനം സംഭവസ്ഥലത്ത് നിന്നും നീക്കം ചെയ്യാതെ പോലീസിനെ കാത്തിരുന്നാൽ അവിടെ വച്ചുതന്നെ പിഴ ചുമത്തുമെന്ന് ക്യാപ്റ്റൻ അൽ മർരി ഓർമിപ്പിച്ചു.
വാഹനം സംഭവ സ്ഥലത്ത് നിന്നും നീക്കം ചെയ്താൽ പോലീസ് റിപ്പോർട്ടിൽ മാറ്റം വരുമെന്ന് പേടിച്ചാണ് ഇങ്ങനെ അധിക പേരും ചെയ്യുന്നത്. എന്നാൽ ഏറ്റവും മികച്ച പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് ഗതാഗത വകുപ്പിലുള്ളതെന്നും അപകടത്തിെൻറ കാരണം കണ്ടെത്താൻ എളുപ്പമാണെന്നും അൽ മർരി വ്യക്തമാക്കി.അപകട സ്ഥലത്ത് നിന്നും വാഹനങ്ങൾ നീക്കം ചെയ്യാതിരിക്കുന്നത് എല്ലാവരെയും ബാധിക്കുമെന്നും സംഭവ സ്ഥലത്ത് നിന്നും വാഹനങ്ങൾ ഉടൻ തന്നെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പോലീസിനെ വിവരമറിയിക്കുകയാണ് വേണ്ടതെന്നും പോലീസ് റിപ്പോർട്ട് ഇരുകൂട്ടർക്കും ഒരുപോലെ നീതി ലഭിക്കും വിധത്തിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
