ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റി –ശാന്തപുരം അൽ ജാമിഅ സഹകരണ കരാർ
text_fieldsദോഹ: ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയും കേരളത്തിലെ ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയയും അക്കാദമിക് രംഗത്തെ സഹകരണ കരാറിൽ ഒപ്പുവെച്ചു. ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിക്ക് വേണ്ടി കോളജ് ഓഫ് ഇസ്ലാമിക് സ്റ്റഡീസ് ഡീൻ ഡോ. ഇമാമുദ്ദീൻ അൽ ഷാഹീനും അൽ ജാമിഅ അൽ ഇസ്ലാമിയ റെക്ടർ ഡോ. അബ്ദുസലാം അഹ്മദുമാണ് ധാരണാ പത്രത്തിൽ ഒപ്പുവെച്ചത്. ഫാക്കൽറ്റി കൈമാറ്റം, വിദ്യാർഥികൾക്ക് ഖത്തറിൽ പഠിക്കാൻ സ്കോളർഷിപ്പ്, ഗവേഷണരംഗത്തെ സഹകരണം, വിവിധ വിഷയങ്ങളിലുള്ള സെമിനാറുകൾ തുടങ്ങിയവയാണ് ധാരണാപത്രത്തിൽ ഉള്ളത്. ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസ രംഗത്തും അക്കാദമിക് രംഗത്തും വലിയ മുന്നേറ്റമാകും ഇതിലൂടെ സാധ്യമാവുകയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുടെ ഏഷ്യയിലേക്കുള്ള കാൽവെപ്പാണ് കരാറെന്ന് ഡോ. ഇമാമുദ്ദീൻ അൽ ഷാഹീൻ പറഞ്ഞു.
ആധുനിക വിദ്യാഭ്യാസരംഗത്തെ നൂതനമായ മേഖലകൾ പെെട്ടന്ന് തന്നെ സ്വായത്തമാക്കുന്ന ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുമായുള്ള സഹകരണം ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് വൻമാറ്റങ്ങൾ ഉണ്ടാക്കുമെന്ന് ഡോ. അബ്ദുസലാം അഹ്മദ് പറഞ്ഞു. തുർക്കിയിലെ അൽ ഫാതിഹ് യൂണിവേഴ്സിറ്റി, സെൽജൂക് യൂണിവേഴ്സിറ്റി, മലേഷ്യൻ ഇൻറർനാഷണൽ യൂണിവേഴ്സിറ്റി, സൗദി ഇമാം മുഹമ്മദ് ബിൻ സൗദ് യൂണിവേഴ്സിറ്റി, ഈജിപ്തിലെ അൽ അസ്ഹർ, കുവൈത്ത് തുടങ്ങി ലോകത്തെ വിവിധ യൂണിവേഴ്സിറ്റികളുമായി നേരത്തെ തന്നെ അൽ ജാമിഅ അക്കാദമിക് രംഗത്ത് സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
