സുഡാൻ: സ്ത്രീ ശാക്തീകരണത്തിന് ഒരുകോടി ഡോളർ സഹായവുമായി ഖത്തർ
text_fieldsപോർട്ട് സുഡാനിലെത്തിയ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം അൽ മിസ്നദ് കുട്ടികൾക്കൊപ്പം
ദോഹ: ആഭ്യന്തര യുദ്ധം പ്രതിസന്ധിയിലാക്കിയ സുഡാനിലെ വനിതകളുടെ ശാക്തീകരണത്തിനായി ഒരു കോടി ഡോളർ സഹായം പ്രഖ്യാപിച്ച് ഖത്തർ. സംഘർഷ മേഖലകളിലെ സ്ത്രീകളുടെ സാമൂഹിക- മാനസിക ഉന്നമനത്തിനുള്ള പിന്തുണ എന്ന നിലയിലാണ് വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം അൽ മിസ്നദിന്റെ സന്ദർശനത്തിനിടെ പ്രഖ്യാപനമുണ്ടായത്.
പോർട്ട് സുഡാനിലെത്തിയ മന്ത്രി മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി രാഷ്ട്രീയ സ്ഥിതിഗതികൾ വിലയിരുത്തി. സുഡാൻ ട്രാൻസിഷനൽ സുപ്രീം കൗൺസിൽ ചെയർമാൻ ലെഫ്. ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാൻ പോർട്ട് സുഡാനിൽ മർയം അൽ മിസ്നദിനെ സ്വീകരിച്ചു. സുഡാനിലെ കലുഷിതമായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച മന്ത്രി, ദേശീയ താൽപര്യത്തിന് മുൻഗണന നൽകാനും, മാനുഷിക സഹായം ഉറപ്പാക്കാനും എല്ലാ കക്ഷികളോടും ആഹ്വാനം ചെയ്തു.
സുഡാനിലെ ആക്ടിങ് ഫെഡറൽ ആരോഗ്യ മന്ത്രി ഡോ. ഹൈതം മുഹമ്മദ് ഇബ്രാഹീം, ആക്ടിങ് ഫെഡറൽ വിദ്യാഭ്യാസ മന്ത്രി അഹ്മദ് ഖലീഫ ഉമർ എന്നിവരുമായും മർയം അൽ മിസ്നദ് കൂടിക്കാഴ്ച നടത്തി.
സുഡാനിലെ സംഘർഷം സാരമായി ബാധിച്ച മെഡിക്കൽ- മാനുഷിക സഹായം, വിദ്യാഭ്യാസ അടിസ്ഥാന സൗകര്യങ്ങളുടെ പുനരധിവാസം എന്നിവ സംബന്ധിച്ചും ചർച്ച ചെയ്തു. ജനങ്ങളുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനും ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കാനും ഐക്യരാഷ്ട്രസഭ പോലുള്ള സംഘടനകളുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.