അഫ്ഗാനിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഖത്തർ
text_fieldsഅഫ്ഗാനിസ്താനിൽ ദുരിതമനുഭവിക്കുന്നവർക്കായുള്ള ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ സഹായം
ദോഹ: അഫ്ഗാനിസ്താനിലുണ്ടായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന ജനതക്ക് സഹായവുമായി ഖത്തർ. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ മാനുഷിക സഹായങ്ങളുമായി ഖത്തർ അമീരി എയർഫോഴ്സിന്റെ അഞ്ച് വിമാനങ്ങൾ അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെത്തി.
ഇതോടെ ഖത്തറിൽനിന്ന് സഹായങ്ങളുമായി അഫ്ഗാനിലെത്തിയ വിമാനങ്ങളുടെ എണ്ണം ഒമ്പതായി. മെഡിക്കൽ, സർജിക്കൽ ഉപകരണങ്ങൾ, ശുചിത്വ കിറ്റുകൾ, ടെന്റുകൾ ഉൾപ്പെടെ പൂർണമായി സജ്ജീകരിച്ച ഫീൽഡ് ആശുപത്രി സൗകര്യങ്ങൾ മേഖലയിൽ എത്തിച്ചിട്ടുണ്ട്. ഇതിനുപുറമെ, അടിയന്തര വൈദ്യസഹായം ഉറപ്പാക്കുന്നതിന് ഒരു മെഡിക്കൽ ടീമിനെയും അയച്ചിട്ടുണ്ട്.
ദുരന്ത മേഖലയിൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങളുമായി ആഭ്യന്തര സുരക്ഷാ സേനയുടെ പ്രത്യേക പരിശീലനം ലഭിച്ച ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പും പ്രവർത്തിക്കുന്നുണ്ട്. അഫ്ഗാൻ ജനതക്ക് നൽകുന്ന തുടർച്ചയായ പിന്തുണയുടെ ഭാഗമാണ് സഹായമെത്തിച്ചത്. പ്രകൃതിദുരന്തങ്ങളിൽ പ്രയാസപ്പെടുന്നവർക്ക് മാനുഷിക സഹായം നൽകുന്നതിനും അവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനും ഖത്തറിന്റെ പ്രതിബദ്ധതയെ ഇത് കാണിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

