സിറിയൻ ജനതക്ക് സഹായവുമായി ഖത്തർ
text_fieldsസിറിയയിലെ അലപ്പോ ഗവർണറേറ്റിൽ ചാരിറ്റി ബേക്കറിയുടെ പ്രവർത്തനം ആരംഭിച്ചപ്പോൾ
ദോഹ: പ്രകൃതി ദുരന്തം കാരണം ദുരിതമനുഭവിക്കുന്ന സിറിയയിലെ ജനതക്ക് സഹായവുമായി ഖത്തർ. ദുർബല ജനവിഭാഗങ്ങൾക്ക് ആവശ്യമായ ബ്രഡുകൾ നിർമിച്ച് സൗജന്യമായി വിതരണം ചെയ്യുന്നതിന് തുർക്കിയയിലെ ഹ്യുമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷനുമായി സഹകരിച്ച് ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റി സിറിയയിലെ അലപ്പോ ഗവർണറേറ്റിലെ ജിൻഡെറസിൽ ചാരിറ്റി ബേക്കറിയുടെ പ്രവർത്തനം ആരംഭിച്ചു. 2023ലെ സിറിയൻ ഭൂകമ്പത്തിൽ അടിസ്ഥാന സൗകര്യങ്ങളും ഭക്ഷണശാലകളും തകരുകയും വലിയ നാശനഷ്ടമുണ്ടാവുകയും ചെയ്ത പ്രദേശങ്ങളിൽ ഭക്ഷ്യസുരക്ഷയും ഉപജീവനമാർഗവും ഉറപ്പാക്കുന്നതിനുള്ള ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ശ്രമങ്ങളുടെ തുടർച്ചയായാണ് ബേക്കറി ആരംഭിച്ചത്. ദുരിതബാധിതരായ ആളുകൾക്ക് അടിസ്ഥാന ഭക്ഷണം ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഏകദേശം 4.3 ടൺ ധാന്യം ഉപയോഗിച്ച് 7,150 എണ്ണം ബ്രഡ് പാക്കറ്റുകൾ പ്രതിദിനം നിർമിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4,670 കുടുംബങ്ങളിലായി ഏകദേശം 23,000ത്തിലധികം ആളുകൾ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് കണക്കാക്കുന്നു. ക്യാമ്പുകളിലും അഭയാർഥി കേന്ദ്രങ്ങളിലും ദിവസേന സൗജന്യമായി ബ്രഡ് വിതരണം ചെയ്യും. കൂടാതെ, അടുത്ത ആറ് മാസത്തേക്ക് ബേക്കറിയുടെ പ്രവർത്തനത്തിന് ആവശ്യമായ ധാന്യം ഉൾപ്പെടെയുള്ളവ ഉറപ്പാക്കും. ദീർഘകാലാടിസ്ഥാനത്തിൽ കഴിയുന്നത്ര ഗുണഭോക്താക്കളിലേക്ക് പദ്ധതിയുടെ സഹായം എത്തിക്കാനാണ് ശ്രമിക്കുന്നത്. തടസ്സമില്ലാത്ത പ്രവർത്തനവും സുസ്ഥിരമായ സേവനങ്ങളും ഉറപ്പാക്കുന്നതിനായി ആവശ്യമായ എല്ലാ സാങ്കേതിക, ലോജിസ്റ്റിക് ഉപകരണങ്ങളും വൈദ്യുതി വിതരണം, ഇന്ധനം തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

