നാലു വർഷത്തിനിടെ ഖത്തർ നൽകിയത് 4.8 ബില്യൺ വിദേശ സഹായം
text_fieldsദോഹ: നാലു വർഷത്തിനിടെ ഖത്തർ നൽകിയത് ഏകദേശം അഞ്ചു ബില്യൺ ഡോളറിന്റെ വിദേശ ധനസഹായം. അവികസിത രാജ്യങ്ങളിലെ വികസനപ്രവർത്തനങ്ങൾക്കായാണ് ഇതിൽ സിംഹഭാഗവും ചെലവഴിച്ചത്.
യു.എൻ പൊതുസഭയിൽ സംസാരിക്കവെ ഖത്തർ പ്രതിനിധി ദാനാ ബിൻത് യൂനുസ് ദർവിഷ് ആണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പങ്കുവെച്ചത്. 2020 മുതൽ 2024 വരെ 4.8 ബില്യൺ യു.എസ് ഡോളറിന്റെ സഹായമാണ് ഖത്തർ വിദേശരാജ്യങ്ങൾക്കായി നൽകിയത്. സഹായധനത്തിന്റെ തൊണ്ണൂറു ശതമാനവും ദരിദ്രരാഷ്ട്രങ്ങളുടെ വികസനത്തിനാണ് നൽകിയതെന്നും അവർ വ്യക്തമാക്കി.
ദാരിദ്ര്യ നിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ഫണ്ടിന്റെ 64 ശതമാനവും ചെലവഴിച്ചത്. ഇതിൽ, അറുപത് രാഷ്ട്രങ്ങളിലെ ഒരു കോടി കുട്ടികൾക്ക് പ്രയോജനപ്പെടുന്ന എജുക്കേഷൻ എബോവ് ആൾ പദ്ധതിക്കായിരുന്നു കൂടുതൽ പങ്കും നീക്കിവെച്ചത്.
സുസ്ഥിര വികസന മേഖലയിലെ വെല്ലുവിളികൾ നേരിടാൻ രൂപവത്കരിച്ച യു.എൻ ആക്സിലേറ്ററർ ലാബ്സ് ഇനീഷ്യേറ്റിവിന്റെ പ്രധാന നിക്ഷേപക രാഷ്ട്രമാണ് ഖത്തറെന്നും ദാനാ ബിൻത് യൂനുസ് ചൂണ്ടിക്കാട്ടി. മൂന്നു കോടിയിലധികം യു.എസ് ഡോളർ സംരംഭത്തിനായി രാജ്യം നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
വിദ്യാഭ്യാസം, ഡിജിറ്റൽ മുന്നേറ്റം, നവീകരണം, ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സൗഹൃദ സൗകര്യങ്ങൾ എന്നീ മേഖലകളിൽ ഖത്തർ നിരവധി വികസന നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ആരോഗ്യ സുരക്ഷ പരിരക്ഷ ഉറപ്പാക്കുന്നതിൽ 95 ശതമാനവും വേതന സമത്വത്തിൽ ആഗോളതലത്തിൽ മികച്ച 20 രാജ്യങ്ങളിൽ ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുന്നതിനും പ്രതിസന്ധികളോട് പ്രതികരിക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സംഭാവന നൽകുന്നതിനും ഖത്തർ ബഹുരാഷ്ട്ര ഏജൻസികളുമായി ചേർന്ന് ഫലപ്രദമായി പ്രവർത്തിക്കുന്നത് തുടരുന്നുണ്ടെന്നും അവർ സ്ഥിരീകരിച്ചു.
ഇതിനായി ദോഹയിൽ 14 യു.എൻ ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതു ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായുള്ള ഈ സഹകരണം ഫലപ്രദമാണെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

