ഇസ്രായേൽ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി ഖത്തർ
text_fieldsഖത്തറിന്റെ യു.എന്നിലെ സ്ഥിരം മിഷനിലെ സെക്കൻഡ് സെക്രട്ടറി ശൈഖ് ജാസിം ബിൻ അബ്ദുൽ അസീസ് ആൽഥാനി സംസാരിക്കുന്നു
ദോഹ: യു.എൻ വേദിയിൽ ഇസ്രായേൽ ആക്രമണത്തിനെതിരെ പ്രതിഷേധവുമായി ഖത്തർ. ദശാബ്ദങ്ങളായി തുടരുന്ന ഇസ്രായേൽ അധിനിവേശം അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും പ്രസക്തമായ യു.എൻ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണെന്ന് ഖത്തറിന്റെ യു.എന്നിലെ സ്ഥിരം മിഷനിലെ സെക്കൻഡ് സെക്രട്ടറി ശൈഖ് ജാസിം ബിൻ അബ്ദുൽ അസീസ് ആൽഥാനി വ്യക്തമാക്കി. യു.എൻ പൊതുസഭയുടെ 80ാമത് സമ്മേളനത്തിൽ ഫലസ്തീൻ ജനതയുടെയും അധിനിവേശ പ്രദേശങ്ങളിലെയും ഇസ്രായേലി അതിക്രമങ്ങൾ അന്വേഷിക്കുന്നതിനുള്ള പ്രത്യേക സമിതിയുടെ റിപ്പോർട്ടിൽ നടന്ന ചർച്ചയിൽ അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.
2024 ജൂലൈയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി പുറപ്പെടുവിക്കുകയും ഡിസംബറിൽ യു.എൻ പൊതുസഭ അംഗീകരിക്കുകയും ചെയ്ത ഉപദേശക അഭിപ്രായത്തെ ഖത്തർ വീണ്ടും ഓർമിപ്പിച്ചു. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിലും കിഴക്കൻ ജറൂസലമിലും നിയമവിരുദ്ധമായ സാന്നിധ്യം ഇസ്രായേൽ അവസാനിപ്പിക്കണമെന്ന കോടതി ഉത്തരവ് അദ്ദേഹം ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ എന്നിവ ഒരു അതിർത്തിയിൽ വരുന്ന പ്രാദേശിക ഘടകമാണെന്നും അതിന്റെ ഐക്യവും കൂട്ടായ്മയും സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം വിശദീകരിച്ചു. അധിനിവേശ ഫലസ്തീൻ -അറബ് പ്രദേശങ്ങളിൽ ഇസ്രായേൽ തുടരുന്ന നടപടികൾ ജനറൽ അസംബ്ലിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായോൽ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഫലസ്തീൻ ജനതയുടെയും മറ്റ് അറബ് ജനതയുടെയും അവകാശങ്ങളെ ഹനിക്കുകയും ചെയ്യുന്നതാണ്. കുടിയേറ്റ കേന്ദ്രങ്ങളുടെ വിപുലീകരണം, നിർബന്ധിത കുടിയൊഴിപ്പിക്കൽ, സാധാരണക്കാരുടെ സ്വത്ത് പിടിച്ചെടുക്കൽ, വീടുകൾ തകർക്കൽ എന്നിവയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെയും ലംഘിക്കുന്ന മറ്റ് പ്രവർത്തനങ്ങളും ഇതിൽ വിശദീകരിക്കുന്നു.
കഴിഞ്ഞ ആഴ്ച അൽ അഖ്സയിലേക്ക് കുടിയേറ്റക്കാർ അതിക്രമിച്ചുകയറിയ സംഭവത്തിലും ഹാജ്ജെ ഹാമിദ മസ്ജിദിന് നേരെയുണ്ടായ ആക്രമണത്തെയും അപലപിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീനിൽ സമാധാനം കൈവരിക്കാനും മാനുഷിക ദുരിതങ്ങൾ ലഘൂകരിക്കാനും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കാനും ലക്ഷ്യമിട്ട് ഈജിപ്തുമായും യു.എസുമായും സഹകരിച്ചുള്ള മധ്യസ്ഥ ശ്രമങ്ങൾ ഖത്തർ തുടരുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. വെല്ലുവിളികളും തടസ്സങ്ങളും നേരിട്ട്, ഫലസ്തീൻ ജനതക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും തടവുകാരെയും ബന്ദികളെയും മോചിപ്പിക്കുന്നതിനും വെടിനിർത്തലുകൾ സാധ്യമാക്കുന്നതിലും പുരോഗതി കൈവരിക്കാൻ കഴിഞ്ഞതായും അദ്ദേഹം സ്ഥിരീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

