ഖത്തർ പ്രശ്നം: മലയാളക്കരയിലും കടുത്ത യാത്രപ്രതിസന്ധി
text_fieldsകോഴിക്കോട്: ഖത്തറുമായി ചില ഗൾഫ് രാജ്യങ്ങൾ നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കേരളക്കരയിലും കടുത്ത യാത്രപ്രതിസന്ധി. മലബാർ മേഖലയിലെ വിമാന യാത്രികരെയാണ് പ്രതിസന്ധി കൂടുതൽ ബാധിച്ചത്.
റമദാനിൽ ഉംറക്കായി ഖത്തർ എയർവേസിൽ ബുക്ക് ചെയ്ത ഒേട്ടറെ ഗ്രൂപ്പുകൾ കുടുങ്ങിയിരിക്കുകയാണ്. തീർഥാടകരിൽനിന്ന് മുൻകൂർ പണം വാങ്ങുകയും യാത്രക്ക് തയാറാവാൻ അറിയിപ്പുനൽകുകയും ചെയ്തശേഷമാണ് പ്രതിസന്ധിയുണ്ടായത്. തീർഥാടകരോട് എന്തു പറയണമെന്ന കാര്യത്തിൽ എത്തുംപിടിയും കിട്ടാത്ത അവസ്ഥയാണെന്ന് പല ട്രാവൽ ഏജൻറുമാരും പറഞ്ഞു.
കരിപ്പൂർ എയർപോർട്ടിൽനിന്ന് വലിയ വിമാനങ്ങൾ സർവിസ് നിർത്തിവെച്ചതോടെ യാത്രക്കാർ ഉപയോഗപ്പെടുത്തിയിരുന്നത് ഖത്തർ എയർവേസിനെയാണ്. സൗദി എയർലൈൻസിനും എമിറേറ്റ്സിനും ഇപ്പോൾ കരിപ്പൂരിൽനിന്ന് സർവിസില്ല. അതിനാൽ സൗദി യാത്രക്കാരും ഉംറ തീർഥാടകരും കൂടുതൽ ആശ്രയിക്കുന്നത് ഖത്തർ എയർവേസിനെയാണ്.
ദോഹ വഴിയാണ് ഖത്തർ എയർവേസ് യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. സൗദി, യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കര, കടൽ, വ്യോമ അതിർത്തികൾ അടച്ചതോടെ ഇതുവഴി യാത്ര അസാധ്യമായി. ഇത് ഏറ്റവും ബാധിച്ചത് ഉംറ തീർഥാടകരെയാണ്. ഖത്തർ എയർവേസിൽ ഉംറക്ക് പോയ നൂറുകണക്കിന് ആളുകൾ ഇപ്പോൾ സൗദിയിലുണ്ട്. ഖത്തർ എയർവേസിന് സൗദിയിലേക്ക് പറക്കാൻ കഴിയില്ല എന്നതിനാൽ ഇവരുടെ തിരിച്ചുവരവ് പ്രതിസന്ധിയിലാണ്. ഉംറ തീർഥാടകരെ മറ്റ് എയർലൈനുകളിൽ തിരിച്ചുകൊണ്ടുവരാൻ നടപടി സ്വീകരിക്കാമെന്ന് ഖത്തർ എയർവേസ് അധികൃതർ പറയുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികൾ എങ്ങുമെത്തിയില്ലെന്ന് എയർട്രാവൽ ഏജൻസികൾ പറയുന്നു.
ജൂലൈ ആദ്യത്തിൽ ഗൾഫ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വേനലവധിക്ക് അടക്കും. ഇൗ മാസാവസാനം പെരുന്നാൾ അവധി കൂടിയുള്ളതിനാൽ അവധി ഒന്നിച്ചാക്കി നാട്ടിലേക്ക് തിരിക്കാൻ കുടുംബങ്ങൾ തയാറെടത്തുനിൽക്കുേമ്പാഴാണ് ഇടിത്തീപോലെ യാത്രപ്രതിസന്ധിയുണ്ടായത്്.
ഗൾഫ് നാടുകളിലുള്ള മലബാർ പ്രദേശത്തെ കുടുംബങ്ങൾ ഏറെയും ഖത്തർ എയർവേസിനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. ഇവർ അങ്കലാപ്പിലാണ്. പലരും ടിക്കറ്റ് റദ്ദാക്കി മറ്റ് എയർലൈൻസുകളിൽ ടിക്കറ്റിന് പരക്കംപായുകയാണ്.
അമേരിക്ക, ഇംഗ്ലണ്ട്, ഇതര യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കൊക്കെയും കേരളത്തിൽനിന്നുള്ള യാത്രക്കാർ മുഖ്യമായും ആശ്രയിക്കുന്നത് ഖത്തർ എയർവേസിനെയാണ്. മികച്ച സൗകര്യങ്ങളും നല്ല സർവിസുമാണ് ഇതിന് കാരണം. പുതിയ പ്രതിസന്ധി ഇൗ സെക്ടറിലെ യാത്രക്കാരെയും കാര്യമായി ബാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
