അമീറിന്റെ അനുശോചന സന്ദേശവുമായി പ്രധാനമന്ത്രി സൗദിയിൽ
text_fieldsസൗദി രാജകുടുംബാംഗത്തിന്റെ നിര്യാണത്തിൽ അനുശോചനവുമായി ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി സൗദിയിലെത്തിയപ്പോൾ
ദോഹ: കിഴക്കൻ സൗദി പ്രവിശ്യയായ ദമ്മാം മുൻ ഗവർണർ അമീർ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സഊദിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് ഖത്തർ പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സൗദിയിലെത്തി. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പ്രതിനിധിയായെത്തിയ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി രാജകുടുംബത്തെ ആശ്വസിപ്പിച്ച് അനുശോചനം അറിയിച്ചു.
പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി എന്നിവരുടെയും സന്ദേശം പങ്കുവെച്ചു. ഖത്തർ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. സൗദി മുൻ ഭരണാധികാരി ഫഹദ് ബിൻ അബ്ദുൽ അസീസ് രാജാവിന്റെ മകനായ മുഹമ്മദ് ബിൻ ഫഹദ് രണ്ടുദിവസം മുമ്പായിരുന്നു വിടവാങ്ങിയത്.

