ഫിഫ ലോകകപ്പ് ഭാഗ്യചിഹ്നം പതിച്ച സ്റ്റാമ്പുമായി ഖത്തർ പോസ്റ്റ്
text_fieldsദോഹ: ലോകകപ്പ് ഫുട്ബോളിന്‍റെ ഔദ്യോഗിക ഭാഗ്യചിഹ്നമായ 'ലഈബിനെ' സ്റ്റാമ്പിലാക്കി ഖത്തർ പോസ്റ്റ്. 3–2–1 ഖത്തർ ഒളിംപിക് ആൻഡ് സ്പോർട്സ് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ഔദ്യോഗിക സ്റ്റാമ്പ് പുറത്തിറക്കി.
ഏപ്രിൽ ഒന്നിന് ദോഹയിൽ നടന്ന ടൂർണമെൻറ് നറുക്കെടുപ്പ് വേദിയിൽ വെച്ചാണ് ഭാഗ്യമുദ്ര പുറത്തിറക്കിയത്. പരമ്പരാഗത ഖത്തരി തലപ്പാവിൽ നിന്നും പ്രചോദനമുൾക്കൊണ്ടായിരുന്നു 'ലഈബ്' തയ്യാറാക്കിയത്. ഔദ്യോഗിക സ്റ്റാമ്പ് ദാതാക്കളായി ഖത്തർ പോസ്റ്റും ഫിഫയും തമ്മിൽ ഒപ്പുവെച്ച കരാറിന്‍റെ ഭാഗമായാണ് സ്റ്റാമ്പ് പുറത്തിറക്കുന്നത്. ഫിഫ ക്ലാസിക് കളക്ഷൻ സ്റ്റാമ്പുകൾ കഴിഞ്ഞ വർഷം ഖത്തർ പോസ്റ്റ് പുറത്തിറക്കിയിരുന്നു. ലോകകപ്പ് ലോഗോ ഉൾപ്പെടുത്തി ഖത്തറിന്‍റെ ഭൂപടം ആലേഖനം ചെയ്തും, സ്റ്റേഡിയങ്ങളുടെ ചിത്രങ്ങളുമായുമാണ് ഖത്തർ പോസ്റ്റ് സ്റ്റാമ്പ് പുറത്തിറക്കിയത്.
ഫിഫ ക്ലാസിക്കുകളിൽ 2010 മുതൽ 2018 വരെയുള്ള ഫുട്ബോൾ ലോകകപ്പ് ചരിത്രത്തെയും അവസാന മൂന്ന് ലോകകപ്പുകൾക്ക് ആതിഥ്യം വഹിച്ച രാജ്യങ്ങളെ ഉയർത്തിക്കാട്ടിയുമായുള്ള പരമ്പരയാണ് ഉൾപ്പെടുന്നത്.
ലോകകപ്പുമായി ബന്ധപ്പെട്ട് ആരാധകർക്കിടയിൽ ബോധവൽക്കരണം ഊർജിതമാക്കാനും സ്റ്റാമ്പുകൾ ശേഖരിക്കുന്നവർക്ക് ലോകകപ്പിന് ശേഷം ഫിഫ ലോകകപ്പ് ദിനങ്ങൾ സ്മരിക്കുന്നതിനും പുതിയ സ്റ്റാമ്പുകൾ സഹായിക്കുമെന്ന് ഫിഫ വ്യക്തമാക്കിയിരുന്നു.
ഖത്തറിന്‍റെ ലോകകപ്പ് തയ്യാറെടുപ്പുകളുമായി ബന്ധപ്പെട്ട് പുറത്തിറക്കുന്ന സ്റ്റാമ്പുകളുടെ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും ഔദ്യോഗിക ഭാഗ്യചിഹ്നമായ ലഈബാണ് ഏറ്റവും പുതിയതെന്ന് ഖത്തർ പോസ്റ്റ് സി.ഒ.ഒ ഹമദ് അൽ ഫാഹിദ പറഞ്ഞു.