ഖത്തർ റിച്ചാണ്
text_fieldsദോഹ: ഫോബ്സിന്റെ ലോകത്തെ പത്ത് സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് ഖത്തർ. ആളോഹരി ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.ഡി.പി) അടിസ്ഥാനത്തിൽ ആഗോള സമ്പത്ത് വിലയിരുത്തിക്കൊണ്ട് ഫോർബ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ അഞ്ചാം സ്ഥാനത്താണ് ഖത്തറുള്ളത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയുടെയും ജനങ്ങളുടെ ഉയർന്ന ജീവിതനിലവാരത്തിന്റെയും അംഗീകാരത്തെക്കൂടിയാണ് റിപ്പോർട്ട് പ്രതിഫിലിപ്പിക്കുന്നത്. ഈ വർഷം ആദ്യത്തിൽ ഗ്ലോബൽ ഫിനാൻസ് മാഗസിൻ പുറത്തിറക്കിയ റിപ്പോർട്ടിൽ ഖത്തർ നാലാം സ്ഥാനത്താണ് ഇടം നേടിയിരുന്നത്.
എന്നാൽ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) വിവരങ്ങളെ അടിസ്ഥാനമാക്കി 2024 ഏപ്രിലിൽ ഫോബ്സ് ഇന്ത്യയും എൻ.ഡി.ടി.വി വേൾഡും പങ്കിട്ട് കൊണ്ടുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ ഖത്തർ ഏഴാം സ്ഥാനത്താണുള്ളത്. 1.43 ലക്ഷം ഡോളർ പ്രതിശീർഷ ജി.ഡി.പിയുമായി ലക്സംബർഗ് പട്ടികയിൽ ഒന്നാമതെത്തി. ഏഷ്യൻ രാജ്യമായ മകാവു (1.34 ലക്ഷം ഡോളർ) രണ്ടും, അയർലൻഡ് (1.33 ലക്ഷം ഡോളർ) മൂന്നും, സിംഗപ്പൂർ (1.33 ലക്ഷം ഡോളർ) നാലും സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള ഖത്തറിന്റെ ജി.ഡി.പി 1.12 ലക്ഷം ഡോളറാണുള്ളത്.
ഒരു രാജ്യത്ത് ഉൽപാദിപ്പിക്കുന്ന എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യത്തിന്റെ അളവുകോലാണ് ജി.ഡി.പി അഥവാ മൊത്ത ആഭ്യന്തര ഉൽപാദനം എന്നറിയപ്പെടുന്നത്. ജി.ഡി.പിയെ ഒരു രാജ്യത്തിന്റെ ആകെ ജനസംഖ്യയുമായി തുലനംചെയ്യുന്നതിന്റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക ശേഷി വിലയിരുത്തുന്നത്. അതോടൊപ്പം ആ രാജ്യത്തെ പണപ്പെരുപ്പ നിരക്കും പ്രാദേശിക ഉൽപന്നങ്ങളുടെയും സേവനങ്ങളുടെയും വിലയും കണക്കിലെടുക്കുമ്പോൾ കൈവശമുള്ള സമ്പത്തിന്റെ കൃത്യതയും ലഭിക്കും. ഈ രണ്ട് ഘടകങ്ങൾ കണക്കാക്കുന്നതാണ് പി.പി.പി (പർച്ചേസിങ് പവർ പാരിറ്റി).
റിപ്പോർട്ട് പ്രകാരം ഖത്തറിന്റെ ജി.ഡി.പി 235.5 ബില്യൻ ഡോളറും ഖത്തറിലെ ജനസംഖ്യ 29.3 ലക്ഷവുമാണ്. പ്രകൃതി വിഭവങ്ങളുടെ കരുതൽ ശേഖരത്തിൽ നിന്നും വലിയ തോതിൽ പ്രയോജനം നേടുന്നുവെന്നത് ഖത്തറിനെ വേറിട്ട് നിർത്തുന്നു. എണ്ണ, പ്രകൃതിവാതക ശേഖരം രാജ്യത്തിന്റെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ വലുതാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. കൂടാതെ ഖത്തറിന്റെ ആഗോള സാമ്പത്തിക നിലയുടെ വ്യക്തമായ സൂചകവും ആകെ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള രാജ്യത്തിന്റെ തുടർച്ചയായ ശ്രമങ്ങളും സംബന്ധിച്ച ഉൾക്കാഴ്ചയും റിപ്പോർട്ട് നൽകുന്നു. ഫോർബ്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ അമേരിക്ക ഖത്തറിനും താഴെ ഒമ്പതാം സ്ഥാനത്താണുള്ളത്. യു.എ.ഇ ആറും, സ്വിറ്സർലൻഡ് ഏഴും, സാൻമാരിനോ എട്ടും സ്ഥാനത്തായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

