ഖത്തർ തുറമുഖങ്ങളിൽ ചരക്കുനീക്കത്തിൽ വൻ വർധനവ്
text_fieldsദോഹ: രാജ്യത്തെ തുറമുഖങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ചരക്കുനീക്കത്തിൽ വർധനവ്. ഖത്തറിനെതിരായ ഉപരോധം 200 ദിവസങ്ങൾ പിന്നിടുന്ന സാഹചര്യത്തിലാണ് രാജ്യത്തെ തുറമുഖങ്ങളിലെ ചരക്കുനീക്കങ്ങളിൽ വലിയ വർധനവ് രേഖപ്പെടുത്തുന്നത്. മേഖലയിലെ ഏറ്റവും വലിയ തുറമുഖമായ ഹമദ് തുറമുഖത്തിൽ ഒക്ടോബർ മാസം മാത്രം 178 കപ്പലുകളാണ് നങ്കൂരമിട്ടത്. സെപ്തംബറിൽ ഇത് 150 ആയിരുന്നു. 20 ശതമാനത്തിെൻറ വർധനവാണ് ഇതിൽ രേഖപ്പെടുത്തിയത്.
കണ്ടെയ്നർ നീക്കത്തിലും തുറമുഖത്ത് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്തംബറിൽ 143750 ടൺ കണ്ടെയ്നർ നീക്കം നടന്നപ്പോൾ ഒക്ടോബറിൽ 30 ശതമാനം വർധിച്ച് ഇത് 183910 ആയിട്ടുണ്ട്. വികസന, ആസൂത്രണ, സ്ഥിതിവിവരണ മന്ത്രാലയം പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
തുറമുഖങ്ങളിലെ ചരക്ക് നീക്കവും കപ്പൽ ഗതാഗത നീക്കവും തുടർച്ചയായി വർധിച്ചുവരികയാണ്. കടുത്ത ഉപരോധത്തിലും ചരക്ക് നീക്കത്തിൽ ആശാവഹമായ വളർച്ചയാണ് തുറമുഖങ്ങളിലുടനീളം പ്രകടമാകുന്നത്. ഒക്ടോബറിൽ റുവൈസ് തുറമുഖത്തിൽ 278 കപ്പലുകളെത്തിയപ്പോൾ മിസൈദ് തുറമുഖത്ത് 150 കപ്പലുകളാണ് നങ്കൂരമിട്ടിരിക്കുന്നത്. ഹാലൂൽ തുറമുഖത്തിൽ എട്ട് കപ്പലുകൾ ഒക്ടോബറിൽ എത്തിച്ചേർന്നു. മുൻ മാസത്തിൽ ഇത് ഏഴായിരുന്നു. ഉപരോധം തുടരുന്നതിനിടയിലും രാജ്യത്തെ ജനങ്ങൾക്ക് തടസ്സമില്ലാതെ അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽ ഖത്തറിലെ തുറമുഖങ്ങൾ വലിയ പങ്കാണ് വഹിച്ചുകൊണ്ടിരിക്കുന്നത്.
ഉപരോധത്തിന് ശേഷമാണ് രാജ്യത്തെ തുറമുഖങ്ങൾ കൂടുതൽ സജീവമാകുന്നത്. സൗദിയിൽ നിന്നും യു.എ.ഇയിൽ നിന്നുമുള്ള അതിർത്തികൾ ഉപരോധത്തെ തുടർന്ന് അടച്ചെങ്കിലും രാജ്യത്തെ തുറമുഖങ്ങൾ ഈ വിടവ് നികത്തി. ജൂണിന് ശേഷം രാജ്യത്തെ തുറമുഖങ്ങളിൽ 380 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
