ഖത്തർ മലയാളീസ് ആഘോഷമായി ഖത്തർ പൂരമെത്തുന്നു
text_fieldsഖത്തർ മലയാളീസ് പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖത്തർ പൂരത്തിന്റെ വിശദാംശങ്ങൾ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിക്കുന്നു
ദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സമൂഹ മാധ്യമ കൂട്ടായ്മയായ ‘ഖത്തർ മലയാളീസ്’ പത്താം വാർഷികം ‘ഖത്തർ പൂര’മായി ആഘോഷിക്കുന്നു.മലയാളത്തിന്റെ പരമ്പരാഗത സംഗീത, നൃത്ത, കലാ വിരുന്നുകളുമായി ആഘോഷങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കി ഫെബ്രുവരി 14 വെള്ളിയാഴ്ച അബു ഹമൂറിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് ഖത്തർ പൂരം അരങ്ങേറുന്നതെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
മലയാളികളുടെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ ആഘോഷമായാണ് പൂരമൊരുക്കുന്നത്. നൃത്തങ്ങൾ, മ്യൂസിക് ബാൻഡുകൾ, മുട്ടിപ്പാട്ട്, കൈകൊട്ടിക്കളി, കളരി, പഞ്ചാരിമേളം, ബാൻഡ് വാദ്യം, ഒപ്പന, കോൽക്കളി തുടങ്ങിയ കലാരൂപങ്ങൾക്കൊപ്പം നാടൻ രുചികളുമായി ഭക്ഷ്യമേളയും ഒരുക്കുന്നുണ്ട്.
മൈലാഞ്ചി, വസ്ത്ര വിൽപന, ഫേസ് പെയിന്റിങ്, പ്രവാസി ക്ഷേമ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷുറൻസ്- നോർക്ക തുടങ്ങിയവ സേവനങ്ങൾ, കരിയർ ഗൈഡൻസ്, സി.വി ക്ലിനിക്ക് എന്നിവയും പൂരനഗരിയിൽ സജ്ജീകരിക്കും.
ഉച്ച രണ്ടുമുതൽ രാത്രി 11 വരെയാണ് പൂരം അരങ്ങേറുക. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികൾ, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
വാർത്തസമ്മേളനത്തിൽ ഖത്തർ മലയാളീസ് പ്രതിനിധികളായ കെ.ടി. ബിലാൽ, ഇസ്മായിൽ കൊല്ലിയിൽ, 974 ഇവന്റ് പാർട്ണർ മഹ്റൂഫ്, പ്രായോജകരായ റൊട്ടാന റസ്റ്റാറന്റ് മാനേജർ ഷിബു ആനന്ദ്, റിയാദ മെഡിക്കൽ സെന്റർ മാനേജർ അൽത്താഫ്, സിയോമി ഇന്റർടെക് സെയിൽസ് മാനേജർ ലിജോ ടൈറ്റസ്, ഫൈസാൻസ് ഇന്റർനാഷനൽ ഗ്രൂപ് മാനേജർ ഹവാസ് മുഹമ്മദ്, ക്യൂ സ്റ്റാർ ട്രേഡിങ് മാനേജർ ഷാനവാസ് എന്നിവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.