മലയാളി മനസ്സിൽ ആവേശം നിറച്ച മഹോത്സവമായി ഖത്തർ പൂരം
text_fieldsഖത്തർ പൂരം 2025 ഉദ്ഘാടനചടങ്ങ്
ദോഹ: ഖത്തറിലെ പ്രവാസി മലയാളികളുടെ ഏറ്റവും വലിയ സമൂഹമാധ്യമ കൂട്ടായ്മയായ ഖത്തർ മലയാളീസ് സംഘടിപ്പിച്ച ‘ഖത്തർ പൂരം 2025’ ഖത്തർ മലയാളികളുടെ മനസ്സിൽ ആവേശം നിറച്ച മഹോത്സവമായി മാറി. ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന പരിപാടി വീക്ഷിക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി. പൂരവേദിയിൽ കേരളീയ കലയുടെ സമ്പന്നത നിറഞ്ഞ മുപ്പതിലധികം വ്യത്യസ്ത കലാപരിപാടികൾ അരങ്ങേറി. ഇതിലൂടെ ഖത്തറിലെ 400ലധികം കലാകാരന്മാർക്കും കലാസംഘങ്ങൾക്കും ഖത്തർ പൂരം അവസരമൊരുക്കി.
പൂരനഗരിയിൽ ഒരുക്കിയ അലങ്കരിച്ച വ്യത്യസ്തമായ അമ്പതിലധികം സ്റ്റാളുകൾ സന്ദർശകർക്ക് നവ്യാനുഭവമായി. കേരളത്തിന്റെ പരമ്പരാഗത രുചികൾമുതൽ അന്താരാഷ്ട്ര വിഭവങ്ങൾ, വീട്ടമ്മമാരുടെ കൈപ്പുണ്യങ്ങൾ വിളമ്പിയ നാടൻ ഭക്ഷണ സ്റ്റാളുകൾ, സൗജന്യ ആരോഗ്യ പരിശോധന, വിവിധ ബ്രാൻഡുകളുടെ പ്രദർശനം, മൈലാഞ്ചി വിൽപന, കുട്ടികൾക്കുള്ള കളികൾ, പൂരക്കച്ചവടം, കരകൗശല ഉൽപന്നങ്ങൾ, പ്രവാസിക്ഷേമ സേവനങ്ങൾ തുടങ്ങിയവ പൂരനഗരിയെ സമ്പന്നമാക്കി.
ഖത്തർ മലയാളീസ് സംഘടിപ്പിച്ച ‘ഖത്തർ പൂരം 2025 പരിപാടിക്കെത്തിയവർ
ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ എംബസി അപെക്സ് ബോഡി ഭാരവാഹികളായ എ.പി. മണികണ്ഠൻ (ഐ.സി.സി പ്രസിഡന്റ്) ഷാനവാസ് ബാവ (ഐ.സി.ബി.എഫ് പ്രസിഡന്റ്), താഹാ മുഹമ്മദ് (ഐ.ബി.പി.സി പ്രസി.) എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. 974 ഇവന്റ് മാനേജിങ് ഡയറക്ടർ മഹ്റൂഫ്, റേഡിയോ സുനോ ആർ.ജെ അപ്പുണി, പ്രായോജകരായ റൊട്ടാന റെസ്റ്റാറന്റ്, റിയാദ മെഡിക്കൽ സെന്റർ, ഷാവോമി ഇന്റർടെക് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തു.ഖത്തർ പൂരം മലയാളികളുടെ ഐക്യത്തിന്റെയും ഒത്തൊരുമയുടെയും അടയാളമാണെന്നും ഖത്തർ മലയാളീസ് ഗ്രൂപ് എന്നും മലയാളികൾക്കൊപ്പം സ്നേഹവും സൗഹൃദവും സഹായവുമായി കൂടെയുണ്ടാകുമെന്നും അഡ്മിൻ കെ.ടി. ബിലാൽ ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

