Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേഖലയിൽ സമാധാനം ഉറപ്പാക്കണം ജി.സി.സി വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തി

text_fields
bookmark_border
അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണപത്രത്തിലെ വ്യവസ്ഥകൾ നടപ്പാക്കാനും ഹുർമുസ് കടലിടുക്കിലെ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പുവരുത്താനും ആഹ്വാനം
മേഖലയിൽ സമാധാനം ഉറപ്പാക്കണം  ജി.സി.സി വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തി
cancel
camera_alt

ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി

ദോഹ: മേഖലയിലെ സുരക്ഷയും സ്ഥിരതയും വർധിപ്പിക്കുന്നതിനും സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോൺ സംഭാഷണം നടത്തി ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി.

യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ് യാൻ, സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല അൽ സൗദ്, കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ജറാഹ് ജാബർ അൽ അഹമ്മദ് അസ്സബാഹ്, ഒമാൻ വിദേശകാര്യ മന്ത്രി ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദി, ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരുമായാണ് ഖത്തർ പ്രധാനമന്ത്രി പ്രത്യേകമായി ചർച്ച നടത്തിയത്.

പശ്ചിമേഷ്യയിലെ നിലവിലെ സംഭവവികാസങ്ങൾ സംഭാഷണത്തിൽ ചർച്ചയായി. മേഖലയിൽ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കുന്നതിനും സുരക്ഷ ഉറപ്പുവരുത്തുന്നതിനും കൂട്ടായ നയതന്ത്ര നീക്കങ്ങൾക്കും പരസ്പര സഹകരണത്തിനും സംഭാഷണത്തിൽ പ്രാധാന്യം നൽകി. തർക്കങ്ങൾ പരിഹരിക്കുന്നതിന് എല്ലാ കക്ഷികളും ചർച്ചകളുടെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണാപത്രത്തിലെ വ്യവസ്ഥകൾ കൃത്യമായി നടപ്പാക്കണം. ഹുർമുസ് കടലിടുക്കിലൂടെയുള്ള സ്വതന്ത്ര കപ്പൽ സഞ്ചാരം ഉറപ്പാക്കുന്നത് മേഖലയുടെ സുരക്ഷ നിലനിർത്താനും ഇതുവരെ കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കാനും അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും സമഗ്രമായ കരാറിലെത്തുന്നതിനും സംഘർഷങ്ങൾ പരിഹരിക്കുന്നതിനുമുള്ള എല്ലാ ശ്രമങ്ങൾക്കും ഖത്തറിന്റെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ജി.സി.സി രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെ കുറിച്ചും വിദേശകാര്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി പങ്കുവെച്ചു.

ചെവ്വാഴ്ച വൈകീട്ടോടെ ഖത്തർ പ്രധാനമന്ത്രി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും മേഖലയിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. പശ്ചിമേഷ്യയിൽ സംഘർഷം ലഘൂകരിക്കുന്നതിനും മേഖലയുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങൾ ചർച്ചയിൽ ഉയർന്നുവന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - മേഖലയിൽ സമാധാനം ഉറപ്പാക്കണം ജി.സി.സി വിദേശകാര്യ മന്ത്രിമാരുമായി ഖത്തർ പ്രധാനമന്ത്രി ചർച്ച നടത്തി
Next Story