ധീര രക്തസാക്ഷിക്ക് ആദരമൊരുക്കി ഖത്തർ; ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിക്ക് ആദരം
text_fieldsആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയ രക്തസാക്ഷി ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിക്ക് നൽകിയ ആദരവ്
പരിപാടിയിൽനിന്ന്
ദോഹ: ഇസ്രായേൽ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയ സേനാംഗം ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദോസരിക്ക് ആദരവുമായി ഖത്തർ.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശങ്ങൾക്കനുസൃതമായി, ആദരസൂചകമായി സെക്കൻഡ് ലെഫ്റ്റനന്റ് പദവി സ്ഥാനക്കയറ്റം നൽകും. അദ്ദേഹത്തിന്റെ ധീരമായ നിലപാടിനും ത്യാഗത്തിനും നിസ്വാർഥതക്കുമുള്ള അംഗീകാരവുമാണ് ഈ നടപടി. കൂടാതെ, രക്തസാക്ഷി മെഡൽ, ധീരത മെഡൽ, മിലിട്ടറി ഡ്യൂട്ടി മെഡൽ, ധീരത ബാഡ്ജ് എന്നിവയും സമ്മാനിച്ചു.
ഇസ്രായേൽ ആക്രമണത്തിനിടെ ലഖ്വിയ സേനാംഗങ്ങൾ നടത്തിയ ത്യാഗങ്ങളെയും കർത്തവ്യനിർവഹണത്തിലെ മികവിനെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ മെഡലുകൾ വിതരണംചെയ്തു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ ലഖ്വിയ അംഗങ്ങൾ ത്യാഗപൂർണമായ ഇടപെടലുകൾ നടത്തിയിരുന്നു.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയ അംഗമായ വാറന്റ് കോർപറൽ ബദർ സാദ് മുഹമ്മദ് അൽ ഹുമൈദി അൽ ദൊസരി രക്തസാക്ഷിയായിരുന്നു.
കൂടാതെ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. നേരത്തേ, രക്തസാക്ഷിയോടുള്ള സ്മരണക്കായി അൽ വക്റയിലെ വീടിന് എതിർവശത്തുള്ള സ്ട്രീറ്റ് നമ്പർ (90) അദ്ദേഹത്തിന്റെ പേരും നൽകിയിരുന്നു
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേനാ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ചടങ്ങിൽ പങ്കെടുത്തു, മെഡലുകൾ കൈമാറി. കൂടാതെ, ത്യാഗത്തിന്റെയും ധീരതയും പ്രകടമാക്കിയ ഓഫിസർമാർക്കും ഉദ്യോഗസ്ഥർക്കും മെഡലുകൾ നൽകാനും തീരുമാനിച്ചു.
ധീര രക്തസാക്ഷിയോടുള്ള ആദരവും മാതൃരാജ്യത്തിന്റെ അഭിമാനത്തിനും അന്തസ്സിനുമായി സുരക്ഷാ സേനാംഗങ്ങൾ നൽകിയ ത്യാഗങ്ങളോടുള്ള ആദരവുമായിരുന്നു പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

