നാടോടിക്കഥ പങ്കുവെച്ച് ഖത്തർ പവിലിയൻ
text_fieldsന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിലെ ഖത്തർ പവിലിയൻ
ദോഹ: ഖത്തരി നാടോടിക്കഥകളുടെ പാരമ്പര്യം ഉയർത്തിക്കാട്ടിയും ഖത്തരി സംസ്കാരം പരിചയപ്പെടുത്തിയും പരമ്പരാഗത വാസ്തുവിദ്യയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുമാണ് വേൾഡ് ബുക്ക് ഫെയറിൽ ഖത്തർ പവിലിയൻ ഒരുക്കിയിരിക്കുന്നത്.
ഖത്തരി സംസ്കാരം, പ്രസാധനാലയങ്ങൾ, കരകൗശലവസ്തുക്കൾ എന്നിവ പവിലിയനിലൂടെ സന്ദർശകർക്ക് അടുത്തറിയാം. ഖത്തറിലെ നാടോടി കലകൾ, പരമ്പരാഗത ‘അർദ’ നൃത്തം എന്നിവ ഖത്തരി സംഘം മേളയിൽ അവതരിപ്പിക്കും.കൂടാതെ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത ഖത്തരി പുസ്തകങ്ങളുടെ അവതരണം, സാഹിത്യ ചർച്ചകൾ, പ്രഭാഷണങ്ങൾ, ഖത്തരി സംസ്കാരത്തിന്റെ വൈവിധ്യം വിളിച്ചോതുന്ന മറ്റ് പരിപാടികളും ഉണ്ടാകും.
കരകൗശല ഉൽപന്നങ്ങളുടെ തത്സമയ നിർമാണം കാണാനും അവരുമായി സംവദിക്കാനുമുള്ള അവസരം സന്ദർശകർക്ക് ലഭിക്കും.
ലോകവേദിയിൽ ഖത്തറിന് ലഭിച്ച അംഗീകാരം രാജ്യത്തിന്റെ സാംസ്കാരികമായ ഔന്നത്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ദോഹ ഇന്റർനാഷനൽ ബുക്ക് ഫെയർ ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുഐനൈൻ പറഞ്ഞു.
അറബ് സംസ്കാരത്തെ ആഗോളതലത്തിൽ പ്രതിനിധീകരിക്കാനും ഖത്തറിലെ കവിത, കലാ സാംസ്കാരിക മേഖലകളിലെ നേട്ടങ്ങൾ പ്രദർശിപ്പിക്കാനുമുള്ള മികച്ച വേദിയായിരിക്കും ബുക്ക് ഫെയർ.വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും, സിമ്പോസിയങ്ങളും പ്രഭാഷണങ്ങളും, നാടോടി സംഘത്തിന്റെ കലകളുടെ പ്രകടനങ്ങളും ഖത്തരി പവിലിയനിൽ സന്ദർശകർക്കായി ഒരുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

