ഖത്തറിന്റെ കഥപറഞ്ഞ് ഒസാകയിലെ പവിലിയൻ
text_fieldsപവിലിയൻ ഉദ്ഘാടന ചടങ്ങിൽ ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനി അതിഥികൾക്കൊപ്പം
ദോഹ: ലോകം ഒഴുകിയെത്താൻ ഒരുങ്ങുന്ന ജപ്പാനിലെ ഒസാക വേൾഡ് എക്സ്പോ വേദിയിൽ തലയെടുപ്പോടെ ഖത്തറിന്റെ പവിലിയൻ. ഈയാഴ്ച തുടക്കം കുറിച്ച് ഈ വർഷം ഒക്ടോബർ 13 വരെ ആറു മാസത്തോളം നീണ്ടുനിൽക്കുന്ന ലോക എക്സ്പോ വേദിയിൽ ഖത്തറിന്റെ ചരിത്രവും പൈതൃകവും വികസന കുതിപ്പുമെല്ലാം അടയാളപ്പെടുത്തി ക്കൊണ്ടാണ് ഖത്തർ പവിലിയൻ സന്ദർശകർക്കായി വാതിലുകൾ തുറന്ന് കാത്തിരിക്കുന്നത്.
158 രാജ്യങ്ങൾ പങ്കെടുക്കുന്ന, ആറു മാസംകൊണ്ട് 2.8 കോടി സന്ദർശകരെ പ്രതീക്ഷിക്കുന്ന ലോകമേളയിൽ ഖത്തറിന്റെ വിശേഷങ്ങളെല്ലാം പ്രദർശിപ്പിക്കാൻ സാധ്യമാകും വിധം നിർമിച്ച പവിലിയനും ശ്രദ്ധ നേടി.
563 കിലോമീറ്റർ ദൈർഘ്യത്തിൽ 90 ശതമാനവും കടലിനാൽ ചുറ്റപ്പെട്ട രാജ്യത്തിന്റെ ഭൂമിശാസ്ത്രവും ചരിത്രവും പൈതൃകവുമെല്ലാം ഉൾക്കൊണ്ടുകൊണ്ടാണ് വെള്ളനിറത്തിൽ തലയെടുപ്പോടെ ഖത്തർ പവിലിയൻ ഉയർന്നു നിൽക്കുന്നത്. ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം കമീഷൻ ചെയ്ത് പൂർത്തിയാക്കിയ പവിലിയൻ ഖത്തർ മ്യൂസിയംസിനു കീഴിലെ ഖത്തർ ബ്ലൂ പ്രിന്റ് ആണ് തയാറാക്കിയത്.
സമുദ്ര പൈതൃകം തന്നെ മുഖ്യം
ഖത്തറിന്റെ പരമ്പരാഗത പായ്ക്കപ്പലിൽനിന്നും പ്രചോദനമുൾക്കൊണ്ട് പ്രശസ്ത ജാപ്പനീസ് വാസ്തുശിൽപി കെൻഗോ കുമോയാണ് ഒസാക എക്സ്പോയിലെ പവിലിയൻ രൂപകൽപന ചെയ്തിരിക്കുന്നത്.
വ്യാപാരത്തിലൂടെയും മുത്ത് വാരലിലൂടെയും ചരിത്രപരമായി ബന്ധപ്പെട്ടിരിക്കുന്ന ഖത്തറിന്റെയും ജപ്പാന്റെയും സമുദ്ര പൈതൃകത്തിനുള്ള ആദരസൂചകവുംകൂടിയാണ് പായ്ക്കപ്പൽ പവിലിയൻ.
ആഴക്കടലിന്റെ നീലിമയിൽനിന്നും തിളക്കമുള്ള ടർക്കോയ്സ് കളറിലേക്ക് മാറുന്ന ഖത്തറിന്റെ തീരപ്രദേശങ്ങളെ വർണിച്ചുകൊണ്ടുള്ള ഖത്തർ സ്ഥാപകൻ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ ഥാനിയുടെയും കവി അഹ്മദ് ബിൻ ഹസൻ അൽ മുഹന്നദിയുടെയും വാക്യങ്ങളാണ് പവിലിയനിലെത്തുന്ന സന്ദർശകരെ സ്വാഗതം ചെയ്യുക.
കരയും കടലും സാംസ്കാരിക ഓർമകളും
പവിലിയന്റെ ഉള്ളിലെത്തുന്നതോടെ സന്ദർശകരെ കടലിൽനിന്നും കരയിലേക്കെത്തിച്ച് രാജ്യത്തിന്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ അനുഭവം പകരുകയാണ് പവിലിയൻ. ഉൾനാടൻ മരുഭൂമിയിലെ വ്യത്യസ്ത വർണങ്ങളിലുള്ള മണൽപ്പരപ്പുകളുടെ പ്രദർശനത്തിലൂടെയും അൽ ജസ്സാസിയയിലെ പൗരാണിക ശിലാ കൊത്തുപണികൾ ഉൾക്കൊള്ളുന്ന ബാക്ക്ലൈറ്റ് പാനലുകളിലൂടെയുമാണ് ഈ അനുഭവം നൽകുന്നത്.
സമീപത്ത് തന്നെ ഖത്തറിന്റെ തീരപ്രദേശത്തിന്റെ ചരിത്രപരമായ മാറ്റത്തെ അടയാളപ്പെടുത്തുന്ന പ്രദർശനവുമുണ്ട്. മുത്തുകൾ ശേഖരിക്കുന്നിടത്ത് നിന്നും വ്യാപാരത്തിന്റെയും നയതന്ത്രത്തിന്റെയും ആധുനിക കേന്ദ്രത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റമാണിത്.
പവിലിയന്റെ ഹൃദയഭാഗത്ത് ഡച്ച് ഡിസൈൻ സ്ഥാപനമായ ഇൻസൈഡ്-ഔട്ട്സൈഡിന്റെ ശ്രദ്ധേയമായ സീ കർട്ടൻ ഇൻസ്റ്റലേഷൻ. പഴയ ദൃശ്യങ്ങളും സമകാലിക ദൃശ്യങ്ങളും സംയോജിപ്പിച്ച് പ്രകൃതിവിഭവങ്ങളും മനുഷ്യന്റെ പ്രതിരോധശേഷിയും രാജ്യത്തിന്റെ സ്വത്വത്തെ എങ്ങനെ രൂപപ്പെടുത്തിയെന്ന് കാണിക്കുന്ന സിനിമ പ്രദർശനം ഇവിടെയാണ്.
ദേശീയ മ്യൂസിയം ക്യുറേറ്റ് ചെയ്ത ലാൻഡ് ആൻഡ് സീ - നാവിഗേറ്റിങ് ദി ജേർണി എന്ന പ്രദർശനം ഖത്തറിന്റെ ആദ്യകാല സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ മുത്ത് വാരൽ, വ്യാപാരം എന്നിവയിലേക്ക് വെളിച്ചം വീശുന്നു. പവിലിയന്റെ രണ്ടാം നിലയിൽ സന്ദർശകർക്കായി അറ്റ്ലസ് ബുക്ക്സ്റ്റോർ ക്യൂറേറ്റ് ചെയ്ത ലൈബ്രറിയും ഖത്തരി ഡിസൈനർ മർയം അൽ ഹുമൈദ് രൂപകൽപന ചെയ്ത മജ്ലിസും കാണാം.
എക്സ്പോ ഒസാകയിലെ ഖത്തർ പവിലിയൻ
ഖത്തർ-ജപ്പാൻ സാംസ്കാരിക വർഷം 2012ലെ യൂസുഫ് അഹ്മദിന്റെയും ഹയാകി നിഷിഗാക്കിയുടെയും കലാസൃഷ്ടികളും രണ്ടാം നിലയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ശിൽപശാലകൾ, പ്രഭാഷണങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവക്ക് പുറമേ സംഭാഷണത്തിനും ആശയവിനിമയത്തിനുമുള്ള വേദിയായും പവിലിയൻ നിലകൊള്ളും.
‘നമ്മുടെ ജീവിതത്തിനായി ഭാവി സമൂഹത്തെ രൂപകൽപന ചെയ്യുക’ എന്ന എക്സ്പോ പ്രമേയത്തോട് യോജിച്ചുള്ള ഖത്തർ പവിലിയൻ, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളോടുള്ള ഖത്തറിന്റെ പ്രതിബദ്ധതയെ അടിവരയിടുകയുംചെയ്യുന്നു.
പവിലിയൻ ജീവനക്കാരുടെ യൂനിഫോമുകളും ഫാത്തിമ ഇബ്രാഹിം അൽ സഹ്ലാവി, മീറ ബദ്റാൻ എന്നിവരുടെ ഫോട്ടോഗ്രഫിയും ഉൾപ്പെടുന്ന ഖത്തറിന്റെ സർഗാത്മക മേഖലയെയും പവിലിയൻ സന്ദർശകർക്ക് പരിചയപ്പെടുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

