ഖത്തർ രോഗി സുരക്ഷാവാരം സമാപിച്ചു
text_fieldsലോക രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പ്രധാന കെട്ടിടങ്ങൾ ഓറഞ്ച് വെളിച്ചത്തിൽ പ്രകാശിപ്പിച്ചപ്പോൾ
ദോഹ: ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം സംഘടിപ്പിച്ച 12ാമത് ഖത്തർ രോഗി സുരക്ഷാ വാരം (പേഷ്യന്റ് സേഫ്റ്റി വീക്ക്) സമാപിച്ചു. പകർച്ചവ്യാധികളല്ലാത്ത രോഗങ്ങൾക്ക് സുരക്ഷിത പരിചരണം എന്ന പ്രമേയത്തിൽ ജീവിതകാലം മുഴുവൻ സുരക്ഷിത പരിചരണം എന്ന മുദ്രാവാക്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്.
സർക്കാർ, അർദ്ധസർക്കാർ, സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ, അക്കാദമിക് സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവയ്ക്കൊപ്പം രോഗികളും അവരുടെ കുടുംബങ്ങളും വിവിധ ബോധവൽക്കരണ പരിപാടികളിൽ പങ്കാളികളായി. ലോക രോഗി സുരക്ഷാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ 24 പ്രധാന കെട്ടിടങ്ങൾ ഓറഞ്ച് വെളിച്ചത്തിൽ ദീപാലംകൃതമാക്കി. സാംക്രമികേതര രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നതിനും മരുന്നുകളുടെ സുരക്ഷിതമായ ഉപയോഗം ഉറപ്പാക്കുന്നതിനും വിവിധ ഭാഷകളിൽ ക്യാമ്പയിനുകൾ നടത്തി. മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ബോധവൽക്കരണ പരിപാടിയിൽ 200-ലധികം പേർ പങ്കെടുത്തു.
അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുത്ത പ്രത്യേക വെബിനാറിൽ 1,442ഓളം ആരോഗ്യ പ്രവർത്തകരും വിദഗ്ധരും പങ്കെടുത്തു. ഡബ്ല്യു.എച്ച്.ഒ, ഖത്തർ യൂണിവേഴ്സിറ്റി, ഹമദ് മെഡിക്കൽ കോർപ്പറേഷൻ, ഖത്തർ കാൻസർ സൊസൈറ്റി എന്നിവയുടെ പ്രതിനിധികൾ സംസാരിച്ചു.
പകർച്ചവ്യാധികളല്ലാത്ത വിവിധ രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്ക് ചികിത്സാ -പരിചരണ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ സുരക്ഷിതമായ ശീലങ്ങൾ ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ അവതരിപ്പിച്ചു.
വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള ചികിത്സക്കിടയിൽ രോഗികൾക്ക് നേരിടേണ്ടി വന്നേക്കാവുന്ന സുരക്ഷാ വെല്ലുവിളികളും, ശ്രദ്ധിച്ചാൽ ഒഴിവാക്കാവുന്ന ചികിത്സാ പിഴവുകളും കണ്ടെത്തി പരിഹരിക്കാൻ ആവശ്യമായ നിർദേശങ്ങൾ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ പങ്കുവെച്ചു.രോഗപ്രതിരോധം, പരിശോധന, രോഗം നേരത്തെ കണ്ടെത്തൽ, രോഗനിർണയം, ചികിത്സ, മരുന്ന് കൈകാര്യം ചെയ്യൽ, തുടർപരിചരണം എന്നിവയിലുടനീളം സുരക്ഷിതമായ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിൽ ആവശ്യമായ നിർദേശങ്ങൾ പങ്കുവെച്ചു.
രോഗി സുരക്ഷാ വാരവുമായി സഹകരിച്ച സ്ഥാപനങ്ങളെ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ ക്വാളിറ്റി ഡിപ്പാർട്ട്മെന്റ് ആക്ടിങ് ഡയറക്ടർ ഡോ. അമീന ഇബ്രാഹിം അൽ ഫഖ്റൂ പ്രശംസിച്ചു. 2014 മുതൽ മന്ത്രാലയം നടപ്പാക്കി വരുന്ന പ്രവർത്തനങ്ങൾ രാജ്യത്തെ ആരോഗ്യ മേഖലയിലെ സുരക്ഷാ സംസ്കാരവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ സഹായിച്ചതായി അവർ വ്യക്തമാക്കി.
ആരോഗ്യ സംരക്ഷണ രംഗത്തെ ഗുണനിലവാരവും രോഗികളുടെ സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനായി 2014-ൽ മന്ത്രാലയത്തിലെ ഹെൽത്ത്കെയർ ക്വാളിറ്റി ഡിപ്പാർട്ട്മെന്റാണ് ദേശീയ തലത്തിലുള്ള പേഷ്യന്റ് സേഫ്റ്റി വീക്കിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

