ആഗോള റാങ്കിങ്ങിൽ മികവോടെ ഖത്തർ പാസ്പോർട്ട്; 112 സ്ഥലങ്ങളിൽ വിസയില്ലാതെ യാത്രചെയ്യാം
text_fieldsദോഹ: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ മികച്ച പ്രകടനവുമായി ഖത്തർ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഹെൻലി പാസ്പോർട്ട് സൂചികയിൽ മികച്ച കുതിപ്പുമായി ഖത്തർ 48ാം റാങ്കിലെത്തി. ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവും ഖത്തർ സ്വന്തമാക്കി. ഖത്തർ പാസ്പോർട്ട് ഉള്ളവർക്ക് വിസയില്ലാതെ യാത്രചെയ്യാൻ കഴിയുന്ന രാജ്യങ്ങളുടെ എണ്ണം 112 ലെത്തിയതാണ് ആഗോള പട്ടികയിലെ കുതിപ്പിന് വഴിയൊരുക്കിയത്. ഹെൻലി ഇൻഡ്ക്സ് നിലവിൽവന്ന 2006ൽ ഖത്തറിന്റെ റാങ്ക് 60ാം സ്ഥാനമായിരുന്നു. പിന്നീട്, ഏറിയും കുറഞ്ഞും നടത്തിയ കുതിപ്പിനൊടുവിലാണ് 48ലെത്തുന്നത്. 2020ൽ 54, 2021ൽ 60, 2022ൽ 53, 2023ൽ 55 എന്നിങ്ങനെയായിരുന്നു അവസാന വർഷങ്ങളിലെ സ്ഥാനം.
ഗൾഫ് മേഖലയിൽ യു.എ.ഇ ആണ് ഒന്നാമത്. ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തുള്ള യു.എ.ഇ പാസ്‌പോർട്ട് ഉപയോഗിച്ച് 188 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഖത്തറിനു പിന്നിലായി കുവൈത്ത് ആണ് ജി.സി.സി രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത്. ആഗോളതലത്തിൽ 51ാം സ്ഥാനത്തുള്ള കുവൈത്ത് പാസ്പോർട്ട് ഉള്ളവർക്ക് 97 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. സൗദി അറേബ്യ 54ാം സ്ഥാനത്തും ബഹ്റൈൻ 55ാം സ്ഥാനത്തും ഒമാൻ 58ാം സ്ഥാനത്തുമാണുള്ളത്.
സിംഗപ്പൂർ പാസ്പോർട്ടാണ് പട്ടികയിൽ ഒന്നാമത്. 192 രാജ്യങ്ങളിലേക്കാണ് സിംഗപ്പൂർ പാസ്‌പോർട്ട് ഉടമകൾക്ക് വിസയില്ലാതെ യാത്ര ചെയ്യാനാവുക. യു.എ.ഇക്കൊപ്പം ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ രണ്ടാം സ്ഥാനം പങ്കിടുന്നു.
ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡേറ്റയെ അടിസ്ഥാനമാക്കിയാണ് ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ് തയാറാക്കുന്നത്. ലോകമെമ്പാടുമുള്ള 199 പാസ്‌പോർട്ടുകളും 227 യാത്രാ കേന്ദ്രങ്ങളുമാണ് പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ 20 വർഷത്തിനിടെ ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ സ്ഥാനങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. 2006ൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്കൻ പാസ്‌പോർട്ട് നിലവിൽ 180 രാജ്യങ്ങളിലേക്ക് പ്രവേശനവുമായി പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യു.കെ ആറാം സ്ഥാനത്തും കാനഡ ഏഴാം സ്ഥാനത്തുമാണ്. 187 രാജ്യങ്ങളിൽ വിസ രഹിത പ്രവേശനമുള്ള സ്വീഡനാണ് റാങ്കിങ്ങിൽ മൂന്നാമത്.
പട്ടികയിൽ ഏറ്റവും താഴെയുള്ള അഫ്ഗാനിസ്ഥാൻ പൗരന്മാർക്ക് 22 രാജ്യങ്ങളിലേക്ക് മാത്രമാണ് വിസയില്ലാതെ യാത്ര ചെയ്യാൻ സാധിക്കുക. ഒന്നാമതുള്ള സിംഗപ്പൂരുമായി താരതമ്യം ചെയ്യുമ്പോൾ 170 രാജ്യങ്ങളുടെ വലിയ വ്യത്യാസമാണുള്ളത്. സിറിയ, ഇറാഖ്, യെമൻ, പാകിസ്താൻ, സോമാലിയ എന്നിവയാണ് അഫ്ഗാനൊപ്പം പട്ടികയിൽ ഏറ്റവും പിന്നിലുള്ള മറ്റ് രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

