സുരക്ഷ സഹകരണത്തിന് ഊന്നൽ; ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗത്തിൽ ഖത്തർ പങ്കെടുത്തു
text_fieldsകുവൈത്തിൽ നടന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം
ദോഹ: കുവൈത്തിൽ നടക്കുന്ന ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ 42ാമത് യോഗത്തിൽ ഖത്തർ ആഭ്യന്തരമന്ത്രിയും ആഭ്യന്തര സുരക്ഷാ സേനയായ ലഖ് വിയയുടെ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി പങ്കെടുത്തു.
കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സുഊദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജി.സി.സി സുരക്ഷ സഹകരണം, സൈബർ, സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയെ ചെറുക്കുക, പൗരന്മാർക്കും താമസക്കാർക്കും സുരക്ഷ വർധിപ്പിക്കുക തുടങ്ങിയ നിരവധി പ്രധാന വിഷയങ്ങൾ ചർച്ച ചെയ്തു.
പുതിയ സാങ്കേതിക വികസനങ്ങൾക്ക് അനുസൃതമായി വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജന്റ് (എ.ഐ) ഉപയോഗിക്കുന്നതിനെക്കുറിച്ചും മന്ത്രിമാർ ചർച്ച ചെയ്തു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിനായി കുവൈത്തിലെത്തിയ ജി.സി.സി ആഭ്യന്തര മന്ത്രിമാർ, ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി എന്നിവരെ ബയാൻ പാലസിൽ കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് സ്വീകരിച്ചു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ആശംസകൾ കിരീടാവകാശി മന്ത്രിമാരെ അറിയിച്ചു. കിരീടാവകാശിയുടെ ദിവാൻ മേധാവി ശൈഖ് താമർ ജാബർ അസ്സബാഹും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയെയും പ്രതിനിധി സംഘത്തെയും കുവൈത്ത് ഫസ്റ്റ് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബ സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

