സന്ദർശകർക്ക് വാതിൽ തുറന്ന് ഖത്തർ
text_fieldsദോഹ: ലോകകപ്പിനു പിന്നാലെ ഹയ്യാ പ്ലാറ്റ്ഫോമിനെ അന്താരാഷ്ട്ര സന്ദർശകർക്കുള്ള ഏകജാലകമാക്കി ഖത്തർ. വിവിധ രാജ്യങ്ങളിൽനിന്നുള്ള സഞ്ചാരികൾക്കായി ഹയ്യാ ഇ- വിസ പ്രഖ്യാപിച്ചുകൊണ്ടാണ് ഖത്തർ ടൂറിസം ഹയ്യാ പോർട്ടൽ വഴി സന്ദർശകരെ സ്വാഗതം ചെയ്യുന്നത്.
ലോകകപ്പ് ഫുട്ബാൾ ആതിഥേയരായി ലോകമെങ്ങുമുള്ള സഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളിൽ ഒന്നായ ഖത്തറിനെ അറബ് ലോകത്തെ ഒന്നാം നമ്പർ ടൂറിസ്റ്റ് കേന്ദ്രമാക്കുക എന്ന ലക്ഷ്യവുമായാണ് ഖത്തർ ടൂറിസം ഹയ്യാ ഇ- വിസ പ്രഖ്യാപിച്ചത്. പൗരത്വം, റെസിഡൻസി, യാത്രക്കാരന്റെ രാജ്യാന്തര വിസ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ ഇ- വിസ. മൂന്ന് കാറ്റഗറിയിൽ ഇ വിസ ലഭ്യമാവുമെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഖത്തർ എയർവേസ് ഗ്രൂപ്പ് സി.ഇ.ഒയും ഖത്തർ ടൂറിസം ചെയർമാനുമായ അക്ബർ അൽ ബാകിർ പറഞ്ഞു.
എ വൺ, എ ടു, എത്രീ എന്നീ മൂന്ന് കാറ്റഗറികളിലായാണ് ഇ വിസകൾ ലഭ്യമാക്കുന്നത്. വീസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വീസ ഫ്രീ എന്‍ട്രി എന്നിവയ്ക്ക് യോഗ്യരല്ലാത്തവര്ക്കുള്ളതാണ് ആദ്യത്തെ ഇ-വിസ വിഭാഗം. എ ടു വിഭാഗത്തിൽ ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രഫഷൻ ബാധകമല്ലാതെ ഇ- വിസകൾ ലഭ്യമാകും. മൂന്നാമത്തെ വിഭാഗമായ ‘എ ത്രീ’ പ്രകാരം ഷെൻഗൺ, ബ്രിട്ടൻ, അമേരിക്ക, കാനഡ, ന്യൂസിലൻഡ്, ആസ്ട്രേലിയ താമസക്കാർക്കും വിസയുള്ളവർക്കും ഡിസ്കവർ ഖത്തർ വഴിയുള്ള താമസബുക്കിങ് ഇല്ലാതെ തന്നെ ലഭ്യമാവുന്ന ഇ വിസയാണ്.
നിലവില്‍ 95 ലധികം രാജ്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍ അല്ലെങ്കില്‍ വിസ ഫ്രീ എന്‍ട്രിയിലൂടെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കഴിയുന്നുണ്ട്. പുതിയ ഇ-വിസ വിഭാഗങ്ങള്‍ കൂടുതല്‍ സന്ദര്‍ശകര്‍ക്ക് എളുപ്പത്തിലുള്ള പ്രവേശനമാണ് നല്‍കുന്നതെന്ന് ഖത്തര്‍ ടൂറിസം ചെയര്മാൻ അക്ബർ അൽ ബാകിർ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഹയ്യാ പ്ലാറ്റ്ഫോം എക്സിക്യുട്ടീവ് ഡയറക്ടർ സഈദ് അൽ കുവാരിയും പങ്കെടുത്തു.
ലോകകപ്പിനു പിന്നാലെ ഖത്തറിലേക്കുള്ള സഞ്ചാരികളുടെ വരവ് പതിന്മടങ്ങ് വർധിച്ചതായും അദ്ദേഹം പറഞ്ഞു. ലോകകപ്പിന്റെ വിജയകരമായ സംഘാടനം സന്ദർശകരുടെ ഒഴുക്കിന് തുണയായി. 2023 ആദ്യപാദത്തിൽ സന്ദർശകരുടെ എണ്ണം പുതിയ റെക്കോഡുകളാണ് സൃഷ്ടിച്ചത്. മാർച്ച് മാസത്തിൽ മാത്രം 10 ലക്ഷത്തിലേറെ പേർ പുതിയ സന്ദർശകരായി എത്തി. ഹയ്യാ സന്ദർശകരും, ക്രൂസ് സന്ദർശകരും ഉൾപ്പെടെ യാത്രക്കാരുടെ എണ്ണം ദശലക്ഷം കടന്നതായി അദ്ദേഹം പറഞ്ഞു.
ലോകകപ്പ് വേളയിൽ ഹയ്യാ പ്രവേശനം വഴി 14 ലക്ഷം സന്ദർശകർ എത്തിയതായി അക്ബർ അൽ ബാകിർ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. 2030ഓടെ പ്രതിവർഷം 60 ലക്ഷം സന്ദർശകർ എന്ന ലക്ഷ്യത്തിലേക്കാണ് രാജ്യത്തിന്റെ ടൂറിസം മേഖല തയ്യാറെടുക്കുന്നതെന്ന് അക്ബർ അൽ ബാകിർ വിശദീകരിച്ചു. പതിനഞ്ചിലധികം അറബ് രാജ്യക്കാര്‍ക്ക് ഖത്തറിലേയ്ക്കുള്ള പ്രവേശനം കൂടുതല്‍ സുഗമമാക്കുന്നതാണ് പുതിയ ഇ-വിസ വിഭാഗങ്ങള്‍.
അപേക്ഷിക്കുന്ന രാജ്യത്തെ ആശ്രയിച്ചാണ് ഇ വിസ കാലാവധി നിശ്ചയിക്കുന്നത്. പൊതുവെ 30 ദിവസമായിരിക്കും കാലാവധി. അപേക്ഷിച്ച് 48 മണിക്കുറിനുള്ളിൽ വിസ നടപടിക്രമം സംബന്ധിച്ച് പ്രതികരണം ലഭ്യമാകുമെന്നും അറിയിച്ചു. ഹയ്യാ ഇ- വിസക്കൊപ്പം നേരത്തെ നിലവിലുള്ള വിസ ഓൺ അറൈവൽ സേവനം പതിവ് പോലെ തന്നെ ലഭ്യമാണ്.
ഹയ്യാ ഇ വിസകൾ
A1- വിസ ഓൺ അറൈവൽ/ വിസ ഫ്രീ എൻട്രി ഇല്ലാത്ത രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്
A2- ജി.സി.സി രാജ്യങ്ങളിലെ താമസക്കാർക്ക് പ്രഫഷൻ ബാധകമല്ലാതെ
A3- ഷെൻഗൺ, ബ്രിട്ടൻ, അമേരിക്ക, കാനഡ, ന്യൂസിലൻഡ്, ആസ്ട്രേലിയ വിസ/താമസക്കാർക്ക് ഡിസ്കവർ ഖത്തർ താമസ ബുക്കിങ് ഇല്ലാതെ ഇ വിസ
എങ്ങനെ അപേക്ഷിക്കാം?
നേരത്തെ പറഞ്ഞ വിഭാഗക്കാർക്ക് ലളിതമായ നടപടികളിലൂടെ ഇ-വിസക്ക് അപേക്ഷിക്കാവുന്നതാണ്. www.hayya.qa വെബ്സൈറ്റ് അല്ലെങ്കിൽ ഹയ്യാ ആപ്പ് വഴി രജിസ്റ്റർ ചെയ്ത്, ആവശ്യമായ രേഖകൾ സമർപ്പിച്ച അപേക്ഷിക്കാം. ഫീസ് ആവശ്യമായ വിഭാഗക്കാർ ഫീസും അടക്കണം. 100 റിയാൽ മുതലാണ് ചാർജ് ഈടാക്കുന്നത്. റിട്ടേൺ ഉൾപ്പെടെ യാത്രാ ടിക്കറ്റ്, മൂന്ന് മാസം കാലാവധിയുള്ള പാസ്പോർട്ട്, ഹോട്ടൽ ബുക്കിങ്/ഫാമിലി-ഫ്രണ്ട്സ് അക്കമഡേഷൻ സ്ഥിരീകരണം (ഷെൻഗൺ, അമേരിക്ക തുടങ്ങി വിസയുള്ള ആറ് രാജ്യക്കാർക്ക് ബുക്കിങ് വേണ്ട), 30 ദിവസത്തിൽ അധികം തങ്ങുന്നുവെങ്കിൽ ആരോഗ്യ ഇൻഷുറൻസ് എന്നീ രേഖകളും ആവശ്യമാണ്.
ഹയ്യ ഇ വിസ വഴിയെത്തുന്നവർക്ക് ഹമദ് വിമാനത്താവളത്തിൽ ഇ ഗേറ്റ് സൗകര്യം ഉപയോഗപ്പെടുത്താം.
ഹമദ് വിമാനത്താവളത്തിൽ നടന്ന വാർത്തസമ്മേളനത്തിൽ ഖത്തർ ടൂറിസം ചെയർമാൻ അക്ബർ അൽ ബാകിർ ഹയ്യാ ഇ വിസ നടപടിക്രമങ്ങൾ വിശദീകരിക്കുന്നു. ഹയ്യാ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടർ സഈദ് അൽ കുവാരി സമീപം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

