ദോഹ: സഞ്ചാരികളെ കൂടുതലായി ആകർഷിക്കുക ലക്ഷ്യമിട്ട് ഖത്തറും ഒമാനും സംയുക്ത വിസാ കരാറിൽ ഒപ്പുവെച്ചു. ഇൗ കരാർ പ്രകാരം 33 രാജ്യങ്ങളിലെ പൗരന്മാർക്ക് പൊതുവായ ടൂറിസ്റ്റ് വിസയിൽ ഇൗ രണ്ട് രാഷ്ട്രങ്ങളും സന്ദർശിക്കാം. ഇന്ത്യക്കാർ ഇൗ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല. വിസാ കാലാവധിയിൽ ഒമാനിലോ ഖത്തറിലോ ആയിരിക്കണം താമസിക്കേണ്ടത്. ഏതെങ്കിലും ഒരു രാജ്യത്ത് നിന്ന് പുറത്തുപോയാൽ പുതിയ വിസ എടുക്കേണ്ടിവരും. മുപ്പത് ദിവസമാണ് ഒരു വിസയുടെ കാലാവധി. ഇത് പിന്നീട് മുപ്പത് ദിവസം കൂടി നീട്ടാൻ സാധിക്കും.
ടൂറിസം മേഖലക്ക് ഉണർവ് പകരുന്നതിനും ഒപ്പം സഞ്ചാരികളുടെ സുഗമമായ യാത്ര സാധ്യമാക്കുന്നതും കൂടി ലക്ഷ്യമിട്ടാണ് സംയുക്ത വിസാ കരാറിൽ ഒപ്പുവെച്ചതെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു. രണ്ട് രാഷ്ട്രങ്ങളും അംഗീകരിച്ച പട്ടികയിലുള്ള രാഷ്ട്രങ്ങളിലെ പൗരൻമാർക്കാണ് സംയുക്ത വിസക്ക് അർഹതയുണ്ടാവുക. ഖത്തറിൽ അനുവദിച്ച ടൂറിസ്റ്റ് വിസയുള്ള വിദേശ പൗരന് ഫീസൊന്നും നൽകാതെ ഒമാൻ സന്ദർശിക്കാം. ഒമാന് മുമ്പ് മറ്റൊരു രാഷ്ട്രവും സന്ദർശിക്കരുതെന്ന നിബന്ധനയുണ്ട്.
ജോയിൻറ് വിസ ആവശ്യമുള്ളവർ പ്രത്യേകം അപേക്ഷ നൽകുകയും പാസ്പോർട്ടിൽ സ്റ്റാമ്പ്/ സീൽ പതിക്കുകയും വേണം. ഒമാനിൽ നിന്ന് അനുവദിക്കുന്ന ജോയിൻറ് വിസക്ക് 20 റിയാലും ഖത്തറിൽ നിന്ന് അനുവദിക്കുന്നതിന് നൂറ് റിയാലുമാണ് ഫീസ്. വിസ കാലാവധി കഴിയുന്നതിന് മുമ്പ് രാജ്യത്ത് നിന്ന് പുറത്ത് പോകണമെന്നതും നിർബന്ധമാണ്. അമേരിക്ക, ഫ്രാൻസ്, ജർമനി, ഗ്രീസ്,െഎസ്ലൻറ്, അയർലൻറ്, ഇറ്റലി, കാനഡ, ആസ്േത്രലിയ, ജപ്പാൻ,ബെൽജിയം, ആസ്ത്രിയ,ഡെൻമാർക്ക്, ഫിൻലൻറ്, മൊണോക്കോ, വത്തിക്കാൻ, ലക്സംബർഗ്, നെതർലൻറ്സ്, ബ്രിട്ടൻ തുടങ്ങിയവയാണ് 33 രാഷ്ട്രങ്ങളുടെ പട്ടികയിലുള്ളത്.