ഖത്തർ; സുരക്ഷയിൽ നമ്പർ വൺ
text_fieldsദോഹ: കുറ്റകൃത്യങ്ങളും അക്രമങ്ങളുമില്ലാതെ പൊതുജനങ്ങൾക്ക് സുരക്ഷിത ജീവിതമൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലെ സ്ഥാനം നിലനിർത്തി ഖത്തർ. ലോകത്ത് ഏറ്റവും കുറവ് കുറ്റകൃത്യങ്ങളുമായാണ് നംബയോയുടെ ഏറ്റവും പുതിയ ക്രൈം ഇൻഡക്സ് റിപ്പോർട്ടിൽ ആഗോള തലത്തിൽ ഖത്തർ ഒന്നാമതെത്തിയത്. നംബയോയുടെയും ദേശീയ പ്ലാനിങ് കൗൺസിലിന്റെയും റിപ്പോർട്ട് പ്രകാരം 142 രാജ്യങ്ങളിൽ ഏറ്റവും കുറ്റകൃത്യനിരക്ക് കുറവ് ഖത്തറിലാണ്.
സുരക്ഷ ഇൻഡക്സിൽ 85.2 ശതമാനം സ്കോർ ചെയ്താണ് ഒന്നാമതെത്തിയത്. അയൽ രാജ്യമായ യു.എ.ഇ രണ്ടും (84.9ശതമാനം), തായ്വാൻ (83.8 ശതമാനം) മൂന്നാം സ്ഥാനത്തുമാണ്. അറബ് രാജ്യങ്ങളിലും ഗൾഫ്, ഏഷ്യൻ മേഖലയിലും രാജ്യം ഒന്നാം സ്ഥാനത്തായി. ഗൾഫ് മേഖലയിൽ ഒമാനാണ് മൂന്നാം സ്ഥാനത്ത്. ബഹ്റൈൻ, സൗദി അറേബ്യ, കുവൈത്ത് രാജ്യങ്ങൾ ശേഷിക്കുന്ന സ്ഥാനങ്ങളിലുമുണ്ട്.
മുൻവർഷം രണ്ടാം സ്ഥാനത്തായിരുന്നു ഖത്തറിന്റെ സ്ഥാനമെങ്കിൽ ഇത്തവണ കൂടുതൽ സുരക്ഷിതമായ പ്രകടനവുമായി ആഗോള ഇൻഡക്സിൽ ഖത്തർ ഒന്നിലേക്ക് കുതിച്ചു കയറി.കവര്‍ച്ച, അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ നിരക്ക് 20 ല്‍ കുറഞ്ഞ നഗരങ്ങളെ ഏറ്റവും സുരക്ഷിതമായാണ് കണക്കാക്കുന്നത്.
കുറഞ്ഞ കുറ്റകൃത്യനിരക്ക്, കാർ ഉൾപ്പെടെ വാഹന കവർച്ച, ആക്രമണവും, ആയുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ച തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ ഏറ്റവും കുറഞ്ഞ നിരക്കാണ് ഖത്തറിൽ റിപ്പോർട്ട് ചെയ്തത്. വീടുകയറി അതിക്രമം, കവർച്ച എന്നിവ വളരെ കുറവാണ് ഖത്തറിൽ. സ്ത്രീകൾ ഉൾപ്പെടെ ആർക്കും രാത്രിയിലും പകലും ഏറ്റവും സുരക്ഷിതമായി പുറത്തിറങ്ങാനും നടക്കാനും കഴിയുന്നതും ഖത്തറിന് സുരക്ഷ ഇൻഡക്സിൽ മുൻനിരയിൽ സ്ഥാനം നൽകി.
147 ലോകരാജ്യങ്ങൾ ഇടം നേടിയ നംബിയോ പട്ടികയിൽ 66ാം സ്ഥാനത്താണ് ഇന്ത്യ. തൊട്ടുമുന്നിലാണ് (65) പാകിസ്താന്റെ സ്ഥാനം. ഏറ്റവും കുറ്റകൃത്യമുള്ള രാജ്യങ്ങളായി വെനസ്വേല, പാപുവ ന്യൂഗിനി, ഹെയ്തി, അഫ്ഗാനിസ്താൻ, ദക്ഷിണാഫ്രിക്ക എന്നിവയാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

