പുനരധിവാസകേന്ദ്രം തുറന്നു; മനുഷ്യക്കടത്ത് ഇരകളെ ചേർത്തുപിടിക്കും
text_fieldsദോഹ: മനുഷ്യക്കടത്തിന് ഇരകളാകുന്നവരുടെ സംരക്ഷണം, പുനരധിവാസം എന്നീ ലക്ഷ്യങ്ങളോടെ രാജ്യത്ത് പ്രത്യേക കേന്ദ്രം തുറന്നു. അൽമഅ്മൂറയിലാണ് പുതിയ കേന്ദ്രം. മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനായുള്ള ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹ്യൂമന്‍ കെയര്‍ സെൻറര്‍ (മാനുഷിക പരിചരണ കേന്ദ്രം) പ്രവര്‍ത്തിക്കുക.
മനുഷ്യക്കടത്തിനിരകളാകുന്നവരെ സംരക്ഷിക്കുകയും പിന്തുണക്കുകയും ചെയ്യല്‍, അവരെ പുനരധിവസിപ്പിക്കല്, സമൂഹവുമായി സമന്വയിപ്പിക്കല്‍, ഇരകള്‍ മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതുവരെ താല്‍ക്കാലികമായി ഏറ്റെടുക്കല്‍ എന്നിവയാണ് പുതിയ കേന്ദ്രത്തിലൂടെ ലക്ഷ്യമിടുന്നത്. ആറു വില്ലകളാണ് ഈ കേന്ദ്രത്തിലുള്ളത്. ഇതില്‍ നാലു വില്ലകള്‍ പാര്‍പ്പിട താമസ ആവശ്യങ്ങള്‍ക്കായും രണ്ടെണ്ണം പൊതുസേവനങ്ങള്ക്കുമായാണ്. മികച്ചതും ഏറെ വ്യത്യസ്തവുമായ രീതിയിലാണ് വില്ലകളിലെ സൗകര്യങ്ങള്‍ സംവിധാനിച്ചിരിക്കുന്നത്. ഇരകള്‍ക്ക് ഏറ്റവും മികച്ച രീതിയിലുള്ള പരിരക്ഷയും സഹായവും ഉറപ്പാക്കുകയാണ് ലക്ഷ്യം.
പരാതി സമര്‍പ്പിച്ചാല്‍ തൊഴിലാളിയെ സ്വീകരിക്കാന്‍ രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റികളുമായി ഏകോപിപ്പിച്ച് ഉചിതമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മനുഷ്യക്കടത്ത് പ്രതിരോധിക്കുന്നതിനായുള്ള ദേശീയ കമ്മിറ്റിയുടെ വെബ്സൈറ്റ് മുഖേന തൊഴിലാളിക്ക് പരാതി സമര്‍പ്പിക്കാം.
സാധാരണ ക്രിമിനല്‍ പരാതികള്‍ സുരക്ഷാ അഡ്മിനിസ്ട്രേഷനില്‍ നല്‍കാം. വ്യവസ്ഥകളും ചട്ടങ്ങളും അനുസരിച്ച് ആവശ്യമുള്ള തൊഴിലാളി വിഭാഗത്തിന് സംരക്ഷണം നല്‍കുകയും സാമൂഹികക്ഷേമം ഉറപ്പാക്കുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിെൻറ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയുമാണ് പുതിയ കേന്ദ്രത്തിെൻറ ലക്ഷ്യം. ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030നുള്ളിലെ സാമൂഹിക വികസനത്തിെൻറ തൂണുകളായാണ് ഇവയെ കണക്കാക്കുന്നത്.
പുതിയ കേന്ദ്രത്തെ രാജ്യാന്തര തൊഴില്‍ സംഘടനയുടെ (ഐ.എല്‍.ഒ) ദോഹയിലെ പ്രോജക്ട് ഓഫിസ് മേധാവി ഹൗട്ടന് ഹുമയൂണ്‍പുര്‍ പ്രശംസിച്ചു. അതിനിടെ രാജ്യം മനുഷ്യക്കടത്തിനെതിരായ ലോകദിനം ആഘോഷിച്ചു. ഇതിെൻറ പശ്ചാത്തലത്തില്‍കൂടിയാണ് ഖത്തറില്‍ പുതിയ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിലും നിയമങ്ങളും സംവിധാനങ്ങളും വേഗത്തില്‍ നടപ്പാക്കുന്നതിലും ഖത്തര്‍ വലിയ താല്പര്യവും ജാഗ്രതയും പുലര്‍ത്തുന്നുണ്ട്.
മനുഷ്യക്കടത്ത് സംബന്ധിച്ച ഏതു കേസും ദേശീയ കമ്മിറ്റിക്ക് മുന്നില്‍ എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് ഖത്തറിലെ സുരക്ഷാവകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.