കടലിൽ അപകടത്തിൽപെട്ട പൗരന് രക്ഷ; ഖത്തറിന് നന്ദി അറിയിച്ച് കൊറിയ
text_fieldsകടലിൽ അപകടത്തിൽപ്പെട്ട കൊറിയൻ പൗരനെ അംബാസഡർ ലീ ജൂൺ ആശുപത്രിയിൽ സന്ദർശിക്കുന്നു
ദോഹ: കപ്പലിൽനിന്ന് കടലിൽ വീണ തങ്ങളുടെ പൗരനെ രക്ഷിച്ച ഖത്തറിന്റെ സേനാ വിഭാഗങ്ങൾക്ക് നന്ദി അറിയിച്ച് ദക്ഷിണ കൊറിയ. ബുധനാഴ്ചയായിരുന്നു ഖത്തർ സമുദ്രാതിർത്തിയിൽ ചരക്കു കപ്പലിൽനിന്ന് വീണ കൊറിയൻ പൗരനെ വിവിധ സേനാവിഭാഗങ്ങൾ സംയുക്ത രക്ഷാപ്രവർത്തനത്തിലൂടെ കരയിലെത്തിച്ചത്. 24 മണിക്കൂറോളം കടലിൽ മരണത്തോട് മല്ലിട്ട് ജീവിതത്തിലേക്ക് തിരികെയെത്തിയ ഇദ്ദേഹം ഇപ്പോൾ ഹമദ് ആശുപത്രിയിൽ ചികിത്സയിലാണ്. ഖത്തറിലെ കൊറിയൻ അംബാസഡർ ലീ ജൂൻ ഉൾപ്പെടെ ഉന്നത സംഘം ആശുപത്രിയിലെത്തി ഇദ്ദേഹത്തെ സന്ദർശിച്ചു. അപകടത്തിൽപെട്ട തങ്ങളുടെ പൗരനെ അതിസാഹസിക രക്ഷാദൗത്യത്തിലൂടെ ജീവനോടെ കണ്ടെത്തിയ കരയിലെത്തിച്ച ഖത്തറിന് നന്ദി അറിയിക്കുന്നതായി എംബസി പ്രസ്താനയിൽ അറിയിച്ചു. ചൊവ്വാഴ്ചയായിരുന്നു ഖത്തർ സമുദ്രാതിർത്തിയിലേക്ക് പ്രവേശിച്ച ചരക്കുകപ്പലിൽനിന്ന് ജീവനക്കാരനെ കടലിൽ വീണ് കാണാതായത്. ഉടൻ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സുരക്ഷ വിഭാഗമായ ലഖ്വിയയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനത്തിന് തുടക്കം കുറിച്ചു. അമീരി നാവികസേന, അമീരി വ്യോമസേന, തീര-അതിർത്തി രക്ഷാസേന എന്നിവരുടെയെല്ലാം നേതൃത്വത്തിൽ രാവും പകലും നീണ്ട സംയുക്ത തിരച്ചിലിനൊടുവിലായിരുന്നു ഇയാളെ കണ്ടെത്തിയത്.
അടിയന്തര സന്ദേശത്തിനു പിന്നാലെ ഏറ്റവും വേഗത്തിൽ രക്ഷാ പ്രവർത്തനം ആരംഭിച്ചതോടെ തങ്ങളുടെ പൗരനെ രക്ഷിക്കാൻ കഴിഞ്ഞുവെന്നും ഖത്തറും കൊറിയയും
തമ്മിലെ 50 വർഷമായി തുടരുന്ന ദീർഘകാല സൗഹൃദ ബന്ധത്തിന്റെ ആഴമാണ് ഇതെന്നും അംബാസഡർ പറഞ്ഞു.