ഖത്തർ നാഷനൽ മ്യൂസിയം 50ാം വാർഷികം; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി
text_fieldsഖത്തർ നാഷനൽ മ്യൂസിയത്തിന്റെ 50ാം വാർഷികത്തിന്റെ
ഭാഗമായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കുന്നു
ദോഹ: നാഷനൽ മ്യൂസിയം ഓഫ് ഖത്തറിന്റെ 50ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്റ്റാമ്പ് ശേഖരം പുറത്തിറക്കി. ഖത്തർ മ്യൂസിയംസും ഖത്തർ പോസ്റ്റൽ സർവിസ് കമ്പനിയും ചേർന്ന് തയാറാക്കിയ സ്റ്റാമ്പുകൾ നാഷനൽ മ്യൂസിയം ഓഫ് ഖത്തറിൽ നടന്ന പ്രത്യേക ചടങ്ങിൽ പുറത്തിറക്കി. നാഷനൽ മ്യൂസിയത്തിന്റെ ചരിത്രത്തെ ഓർമിപ്പിക്കുന്നതാണ് പുതിയതായി പുറത്തിറക്കിയിട്ടുള്ള സ്റ്റാമ്പുകൾ. ഖത്തറിന്റെ സാംസ്കാരിക അടയാളവും പൈതൃകവും രാജ്യത്തിന്റെ ഓർമകളും സംരക്ഷിക്കുന്ന മ്യൂസിയത്തിനുള്ള ആദരമായാണ് സ്റ്റാമ്പ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തിന്റെ സ്വത്വത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകമായി പുറത്തിറക്കിയ സ്റ്റാമ്പ് ശേഖരം, ഖത്തറിന്റെ അഭിമാനകരമായ ഭൂതകാലത്തെ ഭാവിയുമായി ബന്ധിപ്പിക്കുന്ന പാലമായി അഞ്ച് പതിറ്റാണ്ടുകളായി മ്യൂസിയം വഹിക്കുന്ന പങ്കിനെ വെളിപ്പെടുത്തുന്നുവെന്ന് ഖത്തർ മ്യൂസിയംസിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുഹമ്മദ് സാദ് അൽ റുമൈഹി പറഞ്ഞു.
പ്രശസ്ത ഫ്രഞ്ച് പ്രിന്റിങ് സ്ഥാപനമായ ഡെക്ലിക് പ്രിന്റിങ് സൂക്ഷ്മതയോടെ നിർമിച്ച പ്രത്യേക ശേഖരത്തിൽ ഏഴ് ആർട്ടിസ്റ്റിക് പോസ്റ്റേജ് സ്റ്റാമ്പുകൾ, അനുസ്മരണ കാർഡ്, നാല് പോസ്റ്റ്കാർഡുകൾ എന്നിവ ഉൾപ്പെടുന്നു.
നാഷനൽ മ്യൂസിയത്തിന്റെ 50 ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്റ്റാമ്പ് ശേഖരം സ്വന്തമാക്കാൻ ക്ഷണിക്കുന്നതായി ഖത്തർ മ്യൂസിയംസും ഖത്തർ പോസ്റ്റും അറിയിച്ചു. ഈ വർഷം ഖത്തർ മ്യൂസിയംസിന്റെ 20ാം വാർഷികം കൂടിയാണ്. നാഷനൽ മ്യൂസിയം ഓഫ് ഖത്തർ സ്ഥാപിച്ചതു മുതൽ കഴിഞ്ഞ 50 വർഷങ്ങളിലെ ഖത്തറിന്റെ സാംസ്കാരിക പാരമ്പര്യത്തെ 18 മാസം നീണ്ടുനിൽക്കുന്ന ‘എവല്യൂഷൻ നേഷൻ’ എന്ന കാമ്പയിനിലൂടെയാണ് ആഘോഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

