ഖത്തർ ദേശീയ ദിനാഘോഷം; ഖത്തർ യാത്രക്കാർക്ക് സ്വീകരണം
text_fieldsഖത്തർ ദേശീയ ദിനത്തിന്റെ ഭാഗമായി, ദുബൈ എയർപോർട്ടിൽ നടന്ന പരിപാടിയിൽനിന്ന്
ദുബൈ: ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി യു.എ.ഇയിലെത്തിയ ഖത്തർ യാത്രക്കാർക്ക് ഹൃദയപൂർവമായ സ്വാഗതം നൽകി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ‘യു.എ.ഇ-ഖത്തർ ദേശീയ ദിനാശംസകൾ’ എന്ന സന്ദേശം ഉൾക്കൊള്ളുന്ന പ്രത്യേക പാസ്പോർട്ട് സ്റ്റാമ്പ് പതിപ്പിച്ചുകൊണ്ടാണ് യാത്രക്കാരെ സ്വീകരിച്ചത്.
യു.എ.ഇയും ഖത്തറും തമ്മിലുള്ള ശക്തമായ സഹോദരബന്ധങ്ങളെയും പരസ്പര ബഹുമാനത്തെയും അടയാളപ്പെടുത്തുന്നതായിരുന്നു പരിപാടി. അതിഥികളെ സ്നേഹപൂർവം സ്വീകരിക്കുന്ന ദുബൈയുടെ പാരമ്പര്യത്തിന്റെ ഭാഗമായാണ് ഈ ക്രമീകരണങ്ങൾ നടപ്പാക്കിയത്. ദുബൈ വിമാനത്താവളങ്ങളിലെ ജി.സി.സി പാസ്പോർട്ട് കൗണ്ടറുകൾ ഖത്തർ പതാകകളാൽ അലങ്കരിക്കുകയും സ്മാർട്ട് ഗേറ്റുകൾ ഖത്തറിന്റെ ദേശീയ നിറമായ മെറൂൺ നിറത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തു. ഖത്തർ യാത്രക്കാരുടെ സഞ്ചാരം വേഗത്തിലാക്കുന്നതിനായി പ്രത്യേക ഫാസ്റ്റ്-ട്രാക്ക് ലെയിൻ ഒരുക്കി. മുൻനിര ഉദ്യോഗസ്ഥർ ദിനാഘോഷത്തിന്റെ പ്രതീകമായ സ്കാർഫുകൾ ധരിച്ചും, ‘സാലമും ‘സലാമ’ എന്നീ മാസ്കോട്ടുകൾ യാത്രക്കാരെ സ്വാഗതം ചെയ്തും ആഘോഷത്തിന് നിറം കൂട്ടി. ഇതോടൊപ്പം സ്മരണിക സമ്മാനങ്ങളും യാത്രക്കാർക്ക് വിതരണം ചെയ്തു.
‘‘ഭൂമിശാസ്ത്രത്തേക്കാൾ മുമ്പേ സഹോദരത്വം അടിസ്ഥാനമാക്കിയുള്ള ബന്ധമാണ് യു.എ.ഇയും ഖത്തറും തമ്മിലുള്ളത്. ഖത്തർ ദേശീയ ദിനാഘോഷത്തിൽ പങ്കുചേരുന്നതിലൂടെ, ഓരോ സന്ദർശകനും ബഹുമാനത്തോടെയും സൗഹൃദത്തോടെയും സ്വീകരിക്കപ്പെടുന്ന അനുഭവമാണ് ഞങ്ങൾ ഉറപ്പാക്കുന്നതെ’’ന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അൽ മർരി പറഞ്ഞു.
വിവിധ രാജ്യങ്ങളുടെ ദേശീയ ആഘോഷങ്ങളെ മാനുഷികവും സാംസ്കാരികവുമായ കാഴ്ചപ്പാടോടെ കാണുന്ന ജി.ഡി.ആർ.എഫ്.എ ദുബൈയുടെ സമീപനത്തിന്റെ ഭാഗമാണ് പദ്ധതിയെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ എയർപോർട്ട് കാര്യങ്ങളുടെ ചുമതലയുള്ള അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അഹ്മദ് അൽ ശൻകീത്തി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

