എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ഖത്തർ ദേശീയ ദിനാഘോഷം
text_fieldsഖത്തർ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിന്റെ ദേശീയ ഐക്യത്തോടും പൈതൃകത്തോടും ആദരവ് പ്രകടിപ്പിച്ച് എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഖത്തർ സ്കൗട്ട് ആക്ടിവിറ്റീസ് കൺസൾട്ടന്റ് അഹമ്മദ് അൽ യൂസഫ് മുഖ്യാതിഥിയായി പങ്കെടുത്തു.
കോൺഫറൻസ് ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. ഹമീദ ഖാദർ സ്വാഗതം പറഞ്ഞു. ഖത്തറിന്റെ നേതൃത്വത്തോടും സാംസ്കാരിക പൈതൃകത്തോടുമുള്ള ആദരവ് അവർ തന്റെ സംസാരത്തിൽ സൂചിപ്പിച്ചു. തുടർന്ന് പരമ്പരാഗത അർദ നൃത്തം, ഖത്തറിന്റെ വികസനത്തെക്കുറിച്ചുള്ള വിഡിയോ അവതരണം, വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി.
ബോയ്സ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ദേശീയ പതാകയേന്തി സ്കൂൾ ബാൻഡിന്റെ അകമ്പടിയോടെ നടന്ന മാർച്ച് പാസ്റ്റ് ശ്രദ്ധേയമായി. കെ.എസ്. രാജേഷ് സ്കൗട്ട് പരേഡ് നയിച്ചു.
വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ പ്രകടമാക്കി സിലമ്പം, കരാട്ടേ, സ്കേറ്റിങ്, ഫുട്ബാൾ എന്നിവയും അരങ്ങേറി. തുടർന്ന് ജൂനിയർ വിഭാഗം വിദ്യാർഥികൾ മാർച്ച് പാസ്റ്റും ഖത്തറിന്റെ വളർച്ച വിളിച്ചോതുന്ന സാംസ്കാരിക പരിപാടികളും അവതരിപ്പിച്ചു.
കെ.ജി വിഭാഗത്തിലെ കുട്ടികൾ ഖത്തർ പതാകയുടെ നിറമായ മെറൂൺ, വെള്ള വസ്ത്രങ്ങളും പരമ്പരാഗത അറബിക് വേഷങ്ങളും ധരിച്ചെത്തിയത് ആഘോഷങ്ങൾക്ക് മിഴിവേകി. കുട്ടികൾ അവതരിപ്പിച്ച അറബിക് നൃത്തവും ഏറെ ആകർഷകമായിരുന്നു. അധ്യാപകരായ അനു മനോജ്, ശ്രീജിത്ത്, നമിത, റസിയ ഹംസ, ഫെൻസി, ലിമി, ജെസ്ന സിജു, അശ്വതി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

