ഖത്തർ ദേശീയ ദിനാഘോഷം; ഒരുക്കങ്ങൾ പൂർണം
text_fieldsദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദർബ് അൽസാഇയിൽ നടക്കുന്ന കലാപരിപാടിയിൽ പാരമ്പര്യ അറബ് ഗാനം ആലപിക്കുന്ന കലാകാരന്മാർ
ദോഹ: രാജ്യം വീണ്ടുമൊരു ദേശീയ ദിനാഘോഷത്തിനൊരുങ്ങുന്നു. ആഘോഷത്തിന്റെ ഭാഗമായുള്ള പരിപാടികൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നുകൊണ്ടിരിക്കുകയാണ്. ആഘോഷങ്ങളുടെ മാറ്റുകൂട്ടി ദർബ് അൽസാഇ പരിപാടികൾ നേരത്തേ ആരംഭിച്ചിരുന്നു. ദേശീയ പൈതൃകം സംരക്ഷിക്കാനും അത് ഭാവി തലമുറകളിലേക്ക് കൈമാറാനും ലക്ഷ്യമിട്ട് വിവിധങ്ങളായ പരിപാടികൾ ഉം സലാലിലെ സ്ഥിരം വേദിയിലാണ് അരങ്ങേറുന്നത്. ഡിസംബർ 20 വരെ ദർബ് അൽസാഇയിൽ ദേശീയ ദിനാഘോഷം നീണ്ടുനിൽക്കും. ഖത്തരി സ്വത്വത്തിന്റെ സവിശേഷതകളെയും സമ്പന്നമായ പൈതൃകത്തെയും സാമൂഹിക മൂല്യങ്ങളെയും പുതുതലമുറക്കും സന്ദർശകർക്കും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന പ്രദർശനങ്ങളാണ് ദർബ് അൽ സാഇയിൽ ഒരുക്കിയിട്ടുള്ളത്.
അതേസമയം, ദേശീയ ദിനാചരണത്തോടനുബന്ധിച്ച് വ്യാഴാഴ്ച ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ അറിയിച്ചു. പൊതുസുരക്ഷ നടപടികളുടെ ഭാഗമായി ഡിസംബർ 16 മുതൽ 19 വരെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മുതൽ ഷെറാട്ടൺ ഹോട്ടൽ വരെ സമുദ്ര ഗതാഗതത്തിന് ഗതാഗത മന്ത്രാലയം നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മൂന്നു വർഷത്തെ ഇടവേളക്കു ശേഷമാണ് ഇത്തവണ പരേഡ് തിരിച്ചെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഗസ്സ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു മുൻ വർഷങ്ങളിൽ പരേഡ് ഒഴിവാക്കിയിരുന്നത്.
അതേസമയം ഗസ്സയിലെ ആക്രമണം ഉൾപ്പെടെ മേഖലയിലെ വെല്ലുവിളികളും വിവിധ പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തി ഖത്തർ ആഗോളതലത്തിൽ തന്നെ മികച്ച മധ്യസ്ഥ പങ്കാളികളായി മാറിയ സാഹചര്യത്തിലാണ് ദേശീയ പരേഡ് തിരിച്ചുവരുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഡിസംബർ 18ന് വ്യാഴാഴ്ച ദോഹ കോർണിഷിൽ നടക്കുന്ന പരേഡിലേക്ക് താമസക്കാരെയും പൗരന്മാരെയും സ്വാഗതം ചെയ്യുകയാണ് സാംസ്കാരിക മന്ത്രാലയത്തിന് കീഴിലെ ദേശീയ ദിനാഘോഷ സംഘാടക സമിതി വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്കാണ് ദേശീയ ദിന പരേഡ് ആരംഭിക്കുക. പൊതുജനങ്ങൾക്കായി പ്രവേശന കവാടങ്ങൾ രാവിലെ അഞ്ചു മണിക്ക് തുറക്കും, 7.30ന് ഗേറ്റ് അടക്കുമെന്നും സംഘാടക സമിതി വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

