ദേശീയ ദിനാഘോഷം; പൗരന്മാർക്കും താമസക്കാർക്കും അമീറിന്റെ ആശംസ
text_fieldsഅമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: ഖത്തറിലെ സ്വദേശികളും താമസക്കാരും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ആശംസ നേർന്ന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ‘എക്സ്’ പേജ് വഴിയായിരുന്നു അമീറിന്റെ ആശംസ. രാജ്യത്തെ എല്ലാവിഭാഗക്കാർക്കും ആശംസ നേർന്ന അമീർ, രാഷ്ട്ര പുരോഗതിയും അഭിവൃദ്ധിയുമുണ്ടാകട്ടെ എന്ന് പ്രത്യാശയും പ്രകടിപ്പിച്ചു. ദേശീയ ദിനത്തിന്റെ ഭാഗമായി വിവിധ സൗഹൃദ, അയൽ രാജ്യങ്ങൾ ഖത്തറിന് ആശംസ അറിയിച്ചു.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഖത്തർ അമീറിന് ദേശീയ ദിന സന്ദേശം നൽകി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ദേശീയ ദിന ആശംസ അറിയിച്ചു. കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ്മദ് അസ്സബാഹ് എന്നിവർ അമീറിന് ആശംസ നേർന്നു. ജി.സി.സി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവിയും ദേശീയ ദിന ആശംസ നേർന്നു.
ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി എന്നിവരും വിവിധ രാഷ്ട്ര നേതാക്കളുടെ ആശംസകൾ സ്വീകരിച്ചു.

