ദേശീയദിനം ആഗോളമാകുമ്പോള്‍
text_fields2022 ലോകകപ്പ് ഫുട്ബാൾ കിരീടം നേടിയ അർജന്റീന ടീം അംഗങ്ങൾ ലുസൈൽ ബൊളെവാഡിൽ നടത്തിയ വിക്ടറി പരേഡ്
ഖത്തര്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്കൂള്‍ പഠനകാലത്ത് ഭൂഗോളം നോക്കി ഈ രാജ്യം അടയാളപ്പെടുത്താന്‍ ജ്യോഗ്രഫി ടീച്ചര്‍ പറഞ്ഞിരുന്നെങ്കില്‍ അന്നത് അനായാസം കണ്ടുപിടിക്കാന്‍ നമ്മളില്‍ എത്ര പേര്‍ക്ക് സാധിക്കുമായിരുന്നു?. പ്രവാസി വീടുകളില്‍ അന്നമൂട്ടുന്ന നാടെന്ന പേരില്‍ കേട്ടുകേള്‍വികള്‍ ഉണ്ടായിരിക്കാം. പക്ഷേ, അറേബ്യന്‍ ഗള്‍ഫിന്റെ ലാളന ഏറ്റുകിടക്കുന്ന ഈ കുഞ്ഞുദേശത്തെ തിരഞ്ഞു കണ്ടുപിടിക്കാന്‍ അത്ര എളുപ്പമായിരുന്നില്ല. ഇന്ന് അതേ ചോദ്യം ടീച്ചര്‍ ആവര്‍ത്തിച്ചാലോ?. ലോകത്തിന്റെ ഏത് മുക്കിലും മൂലയിലും ഉള്ള സ്കൂളിലാണ് ചോദ്യമെങ്കിലും ഞൊടിയിടയില്‍ ഉത്തരം ലഭിക്കും.
ചുരുങ്ങിയ കാലങ്ങള്‍ക്കിടയില്‍ ആഗോളതലത്തില്‍ ഖത്തര്‍ ഉണ്ടാക്കിയെടുത്ത പേരുംപെരുമയും ചെറുതല്ല. 2022 ല്‍ ലോകം അങ്ങനെയൊരു കാഴ്ച കണ്ടു. ചരിത്രത്തിലാദ്യമായി അറേബ്യന്‍ മണ്ണില്‍ വിരുന്നെത്തിയ ലോകകപ്പിനെ ഖത്തര്‍ സല്‍ക്കരിച്ച് യാത്രയാക്കിയത് ഇതുപോലൊരു ഡിസംബര്‍ 18നാണ്. കണ്ണിമചിമ്മാതെ ലോകം മുഴുവന്‍ ഖത്തറൊരുക്കിയ ലുസൈലിലെ കളിമുറ്റത്തേക്ക് നോക്കിയിരുന്ന ദിനം.
ഖത്തറിന്റെ ഹൃദയമെന്ന് വിശേഷിപ്പിക്കാവുന്ന കോര്‍ണിഷിലാണ് സാധാരണ ദേശീയദിന പരേഡുകള്‍ നടക്കുന്നത്. എന്നാല്‍ പതിവിന് വിപരീതമായി അന്ന് നാഷണല്‍ ഡേ പരേഡ് നടന്നത് ലുസൈല്‍ ബൊലേവാഡില്‍. ലോകകപ്പ് ഫൈനല്‍ പോരാട്ടം നടന്ന ലുസൈല്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് കിടക്കുന്ന ഇടനാഴി, ലോകകിരീട ജേതാക്കളുടെ ആഘോഷത്തിന്റെ പെരുമ്പറമുഴക്കമെന്നോണം ഒരു പരേഡ്. പരേഡിന് പിന്നാലെ ലോകകിരീടവുമേന്തി ലയണല്‍ മെസിയും സംഘവും.
ലുസൈലില്‍ നിന്നും ലോകത്തിന്റെ ഹൃദയത്തിലേക്ക് ഡ്രിബിള്‍ ചെയ്തുകയറിയത് മെസി മാത്രമായിരുന്നില്ല, ഖത്തര്‍ കൂടിയായിരുന്നു. കാലുകുത്താനിടമില്ലാത്ത വണ്ണം ജനനിബിഡമായ ലുസൈല്‍ നഗരത്തില്‍ ലോകത്തെ മുഴുവന്‍ സാക്ഷിയാക്കി ദേശീയദിനം ആഘോഷിച്ചു ഖത്തര്‍. 1878ൽ ശൈഖ് ജാസിം ബിന്‍ മുഹമ്മദ് ആൽഥാനിയുടെ നേതൃത്തിലാണ് ഐക്യഖത്തര്‍ രൂപപ്പെടുന്നത്.
ഈ ദിനത്തിന്റെ ഓര്‍മക്കായി രാജ്യത്തിന്റെ ഐക്യവും പൈതൃകവും അടയാളപ്പെടുത്താനാണ് ഖത്തര്‍ ദേശീയ ദിനം ആഘോഷിക്കുന്നത്. എന്നാല്‍ 2022 ലെ ദേശീയ ദിനാഘോഷം ലോക ഭൂപടത്തിലും അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നിലും ഖത്തറിനെ അടയാളപ്പെടുത്തിയതിന്റെ ആഘോഷം കൂടിയായിരുന്നു. ലോകം ഈ കുഞ്ഞുരാജ്യത്തെ ചലനങ്ങള്‍ അത്രമേല്‍ ശ്രദ്ധിക്കുന്നു എന്നത് കൊണ്ടുകൂടിയാണ് കഴിഞ്ഞ വര്‍ഷം ഗസ്സയില്‍ പിടഞ്ഞുവീഴുന്ന പാവം മനുഷ്യരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ആഘോഷങ്ങള്‍ വേണ്ടെന്ന് വെച്ചത്.
ഒരിക്കല്‍കൂടി ആഗോളമായൊരു ദേശീയദിനാഘോഷത്തിന്റെ ലഹരിയിലാണ് ഖത്തര്‍. ഇത്തവണയും ഫുട്ബോള്‍ ലോകം ഖത്തറിലുണ്ട്. നയതന്ത്രമേഖലയില്‍ വലുപ്പത്തെ കവച്ചുവെക്കുന്ന മികവ് ഖത്തര്‍ കാണിക്കുന്നുണ്ട്. കായികനയതന്ത്രം ഖത്തറിന്റെ പ്രധാന ടൂളാണ്. ഇത്തവണ വന്‍കരയുടെ ഫുട്ബാൾ രാജാക്കന്മാരായ ക്ലബുകള്‍ തമ്മിലുള്ള പോരിന് ഇന്ന് കലാശക്കൊട്ട് നടക്കുകയാണ്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരനിബിഡമായ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് ലുസൈലില്‍ പന്ത് തട്ടുന്നു. ആക്സമികമായിരിക്കാം. അന്ന് ലയണല്‍ മെസിക്ക് മുന്നില്‍ ഇടറിവീണ എംബാപ്പെ റയലിനൊപ്പമുണ്ട്. ഖത്തറില്‍ യുവവിസ്മയമാകുമെന്ന് പ്രവചിച്ചവരെ നിരാശരാക്കി പാതിവഴിക്ക് മടങ്ങിയ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും കൂട്ടിനുണ്ട്. കോണ്‍കകാഫില്‍ നിന്നുള്ള പാചൂകയാണ് എതിരാളികള്‍. റയലിനോളം പേരും പെരുമയും ഇല്ലെങ്കിലും ലാറ്റിനമേരിക്കക്കാരെയും ആര്‍ത്തിരമ്പിയ ഈജിപ്തുകാരെയും വീഴ്ത്തിയാണ് വരവ്. ചലഞ്ചര്‍ കപ്പും അമേരിക്കന്‍ ഡര്‍ബിയും ജയിച്ച സംഘത്തെ റയലും നിസാരമായി കാണില്ലെന്ന് ഉറപ്പ്. ദേശീയദിനങ്ങള്‍ ആഗോള ആഘോഷമാക്കുന്ന ഖത്തറിനൊപ്പം ആര് ആഘോഷിക്കുമെന്ന് കാത്തിരുന്നു കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

