ലോകകപ്പ് ഓർമയിലൊരു കീച്ചെയിൻ കൂടാരം
text_fieldsലുസൈൽ മെട്രോ സ്റ്റേഷനുപുറത്ത് നിർമിച്ച ‘കീസ് ടു മെമ്മറീസ് 2025’ ഇൻസ്റ്റലേഷൻ
ദോഹ: ലയണൽ മെസ്സിയുടെ കിരീടമുത്തം പതിഞ്ഞ ലുസൈൽ സ്റ്റേഡിയത്തിൽ നിന്നും നോക്കിയാൽ കാണുന്ന അകലെ ഒരു ലോകകപ്പ് ഓർമക്കൂടാരമുയർന്നു.
കാൽപന്തിന്റെ അതിയശകാഴ്ചകൾ തേടി സഞ്ചരിച്ച ലോകമെങ്ങുമുള്ള ആരാധകരുടെ കാലടികൾ പതിഞ്ഞ ലുസൈൽ മെട്രോ സ്റ്റേഷന് പുറത്ത് ഒരു ചില്ലുപെട്ടി പോലെ അപൂർവമായൊരു ഓർമക്കൂടാരം.
2022 നവംബർ -ഡിസംബർ മാസങ്ങളിലായി ഖത്തറിലെ എട്ടു വേദികളിലായി നടന്ന ഫിഫ ലോകകപ്പ് ഫുട്ബാളിന് കാഴ്ചക്കാരായെത്തിയ ആരാധകർ താമസിച്ച മുറികളുടെ കീച്ചെയിനുകൾ ശേഖരിച്ചാണ് ‘കീസ് ടു മെമ്മറീസ് 2025’ എന്ന പേരിൽ ലുസൈൽ മെട്രോ സ്റ്റേഷനുപുറത്ത് ഈ ഓർമക്കൂടാരം പൂർത്തിയാക്കിയത്.
ഖത്തർ മ്യൂസിയത്തിനു കീഴിൽ ബൂ ഡിസൈൻ സ്റ്റുഡിയോയും ഖത്തരി ഡിസൈനർ മർയം അൽ ഹുമൈദും ചേർന്നാണ് 2.50 ലക്ഷം കീ ചെയിനുകൾ ചേർത്തുവെച്ച ആകർഷകമായ ഈ ഓർമക്കൂടാരം പൂർത്തിയാക്കിയത്. ലോകകപ്പ് ഫുട്ബാൾ പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുടെ കൂടി പിന്തുണ ഈ ദൗത്യത്തിനുണ്ടായിരുന്നു.
ലോകകപ്പ് ഫുട്ബാൾ ഫൈനൽ ഉൾപ്പെടെ നിർണായക മത്സരങ്ങൾക്ക് വേദിയായ ലുസൈൽ സ്റ്റേഡിയത്തിനരികിലായി പൂർത്തിയാക്കിയ ഈ ഓർമക്കൂടാരം കളിയോർമയിലേക്കുള്ള ആരാധക യാത്ര കൂടിയാണ് ബാക്കിയാക്കുന്നത്. വശങ്ങളിലും മുകളിലുമായി ചില്ലുകളാൽ നിർമിച്ചൊരു നടപ്പാത പോലെയാണ് കീസ് ടു മെമ്മറീസ് 2025’ ഡിസൈൻ ചെയ്തത്. മുകളിലെയും വശങ്ങളിലെയും ചില്ലുകളിൽ കീചെയിനുകൾ പതിച്ച് ആകർഷകമാക്കിയിരിക്കുന്നു.
ലോകകപ്പ് ഫുട്ബാൾ വേളയിൽ ഖത്തറിലെ അപ്പാർട്മെന്റുകളിലും കണ്ടെയ്നർ വീടുകളിലും ഹോട്ടലുകളിലും മറ്റുമായി ആരാധകർക്കായി ഒരുക്കിയ താമസസൗകര്യങ്ങളുടെ കീച്ചെയിനുകളാണ് ലോകകപ്പിന്റെ അപൂർവമായൊരു ഓർമച്ചിത്രമാക്കി ഇപ്പോൾ മാറ്റിയിരിക്കുന്നത്. മുറിയുടെ നമ്പറുകൾ കീ ചെയിനുകളിൽ വ്യക്തമായി നിൽക്കുന്നതും കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

