ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി ഖത്തര്‍ മ്യൂസിയംസ് കള്‍ചര്‍ പാസ്
text_fieldsദോഹ: ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്മാനമായി ഖത്തര്‍ മ്യൂസിയംസിൻെറ കള്‍ചര്‍ പാസ്. ഹമദ് മെഡിക്കല്‍ കോര്പറേഷന്, പ്രൈമറി ഹെല്‍ത്ത്കെയർ കോര്പറേഷന്, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവക്ക് കീഴിലുള്ള ജീവനക്കാര്‍ക്ക് ഖത്തര്‍ ദേശീയ മ്യൂസിയത്തിനകത്തുള്ള ഗിഫ്റ്റ് ഷോപ്പില്‍ ചെന്നാല്‍ കോംപ്ലിമെൻററി അംഗത്വ കാര്‍ഡ് സ്വന്തമാക്കാം.
അവരുടെ സ്റ്റാഫ് ഐ.ഡി കാണിച്ചാല്‍ മതി. കള്‍ചര്‍ പാസ് അംഗങ്ങള്‍ക്ക് ഇളവുകളും പലതരം ആനുകൂല്യങ്ങളും ലഭ്യമാവാന്‍ ഈ അംഗത്വ കാര്‍ഡ് ഉപകരിക്കും. മ്യൂസിയങ്ങളിലേക്കുള്ള സൗജന്യ പ്രവേശനം, ഗാലറികളിലും താൽക്കാലിക പ്രദര്‍ശനങ്ങളിലും സൗജന്യ പ്രവേശനം (ദേശീയ മ്യൂസിയം, അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് (മതാഫ്), അല്റിവാഖ് ഗാലറി, ഫയര്‍ സ്റ്റേഷന് ആര്‍ട്ട് ഇന്‍ റസിഡന്‍സ് തുടങ്ങിയ സ്ഥലങ്ങളിലുള്‍പ്പെടെ).
ദേശീയ മ്യൂസിയത്തിലും മതാഫിലുമുള്ള ഗിഫ്റ്റ് ഷോപ്പുകളില്‍ 25 ശതമാനം കിഴിവ്, കാസ് ആര്‍ട്ട് ഖത്തര്‍, ഇന്‍ക്യു ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവയില്‍ 25 ശതമാനം കിഴിവ്, ജിവാന് ഔട്ട്ലറ്റില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ 25 ശതമാനം കിഴിവ്, കഫേ 999, മിയാ പാര്‍ക്കിലെ ഭക്ഷ്യപാനീയ കിയോസ്ക്കുകള്‍ എന്നിവയില്‍ 15 ശതമാനം കിഴിവ്, ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മാസ്റ്റര്‍ ക്ലാസുകളിലും ചലച്ചിത്ര പ്രദര്‍ശന പാസിലും 10 ശതമാനം കുറവ്, കൂടാതെ ശില്പശാലകളിലും മറ്റുമുള്ള ആനുകൂല്യം തുടങ്ങിയവ ഈ പാസ് മുഖേന ലഭിക്കും. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കൈമെയ് മറന്ന് പോരാടുന്ന ആരോഗ്യപ്രവര്‍ത്തകരോടുള്ള ആദര സൂചകമായാണ് പാസ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു. https://www.qm.org.qa/en/culturepass എന്ന ലിങ്കിൽ കൾചർ പാസിനെക്കുറിച്ച് കൂടുതല്‍ അറിയാം.

