പെരുന്നാൾ നമസ്കാരങ്ങൾക്കായി പള്ളികളും പാർക്കുകളും റെഡി
text_fieldsദോഹ: പെരുന്നാൾ നമസ്കാരങ്ങൾക്കായി പള്ളികളും പരിസരങ്ങളും മുതൽ ആഘോഷ വേളയിൽ പതിനായിരങ്ങളെത്തുന്ന പാർക്കുകളും പൊതു ഇടങ്ങളുംവരെ സജ്ജമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ വിപുലമായ തയാറെടുപ്പ്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിശ്വാസികളെ വരവേൽക്കുന്നതിനായി പള്ളികൾ, ഈദ് ഗാഹ് വേദികൾ എന്നിവ ശുചീകരിച്ചും, പരിസര പ്രദേശങ്ങളും റോഡുകളും സജ്ജമാക്കിയും അധികൃതർ തയാറെടുക്കുന്നത്. 362 പള്ളികളും ഈദ് നമസ്കാര കേന്ദ്രങ്ങളും സജ്ജമാക്കിക്കഴിഞ്ഞു. 267ഓളം ജോലിക്കാരും അനുബന്ധ സൗകര്യങ്ങളും ഇതിനായി സജീവമായി പ്രവർത്തിച്ചു.
മുനിസിപ്പാലിറ്റി മന്ത്രാലയത്തിനു കീഴിൽ രാജ്യത്തെ പാർക്കുകൾ, പൊതു ഇടങ്ങൾ എന്നിവയുടെ ശുചീകരണ, അറ്റകുറ്റപ്പണി ജോലികൾ എന്നിവയും പൂർത്തിയാക്കി. വ്യാഴാഴ്ച പ്രവൃത്തിദിനം കഴിഞ്ഞതിനു പിന്നാലെ രാജ്യം അവധി ആഘോഷത്തിലേക്ക് നീങ്ങിക്കഴിഞ്ഞു.
പെരുന്നാൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തിരക്കേറുന്ന കേന്ദ്രം എന്ന നിലയിലാണ് പാർക്കുകളുടെ ശുചിത്വത്തിന് പരിഗണന നൽകുന്നത്. പാർക്കുകളുടെ ശുചീകരണം, അറ്റകുറ്റപ്പണി പൂർത്തിയാക്കൽ, പൊതു ഇടങ്ങൾ വൃത്തിയാക്കൽ, പച്ചപ്പ് സൂക്ഷിക്കൽ തുടങ്ങിയ നടപടികളും സജീവമാക്കി.പെരുന്നാൾ കഴിഞ്ഞ സന്ദർശക തിരക്ക് കണക്കിലെടുത്ത് കളി-വിനോദ കേന്ദ്രങ്ങളിലേക്ക് ഓൺലൈൻ റിസർവേഷനും മന്ത്രാലയം ഏർപ്പെടുത്തിയിട്ടുണ്ട്.
മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ പള്ളി ക്ലീനിങ്
പെരുന്നാളിനെ വരവേൽക്കാൻ രാജ്യത്തെ മുഴുവൻ പാർക്കുകളും സജ്ജമായതായി മുനിസിപ്പാലിറ്റി മന്ത്രാലയം പബ്ലിക് പാർക്സ് വിഭാഗം ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അൽ സദ പറഞ്ഞു. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംഘം, 24 മണിക്കൂറും ശുചീകരണത്തിനുള്ള സംഘം എന്നിവയും തയാറാണ്.
കുട്ടികൾക്കുള്ള കളിയിടങ്ങളുടെ സുരക്ഷ ഇരട്ടിയാക്കിയതായും അൽ സദ പറഞ്ഞു. അൽ ഖോർ പാർക്ക് ഒഴികെ എല്ലായിടത്തും സൗജന്യ പ്രവേശനം അനുവദിക്കും. അൽ ഖോർ പാർക്കിൽ നിശ്ചിത ഫീസ് ചുമത്തിയാണ് പ്രവേശനം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

