ആണവകേന്ദ്രങ്ങൾക്കെതിരായ ആക്രമണം ആപത്ത്; മുന്നറിയിപ്പുമായി ഖത്തർ
text_fieldsഡോ. മാജിദ് അൽ അൻസാരി ദോഹയിൽ
ദോഹ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമാവുന്നതിനിടെ ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് വലിയ വില നൽകേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ഖത്തർ. ഇറാനിലെ ജനവാസ കേന്ദ്രങ്ങളെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണം തുടരുന്നതിനിടെയാണ് മേഖലയുടെ സമാധാനത്തിൽ ആശങ്കയുമായി ഖത്തർ രംഗത്തെത്തിയത്. ആണവ കേന്ദ്രങ്ങളെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ ആപത്താണെന്നും സംഘർഷം ലഘൂകരിക്കേണ്ടതിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ വക്താവും പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മാജിദ് അൽ അൻസാരി ദോഹയിൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ആഗോള ഊർജ വിപണിയിലും പ്രാദേശിക സുരക്ഷയിലും വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക പങ്കുവെച്ച അദ്ദേഹം, പ്രതിസന്ധികളും സംഘർഷങ്ങളും ഇനി താങ്ങാനാവില്ലെന്നും വ്യക്തമാക്കി. തുടർച്ചയായ സംഘർഷങ്ങൾക്ക് നേതൃത്വം നൽകുകയും, മേഖലയിലെ ഇതര ഭാഗങ്ങളിലേക്ക് ആക്രമണ വ്യാപനം നടത്തുകയും ചെയ്യുന്ന ഇസ്രായേൽ നടപടിയെയും വിമർശിച്ചു. പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുമ്പോൾ, മേഖലയിലെ ഒരുകൂട്ടർ മാത്രം സമാധാന ശ്രമങ്ങൾ പരാജയപ്പെടുത്തുകയും, സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുകയും ചെയ്യുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘‘ഇപ്പോഴുണ്ടായ സംഘർഷത്തെ തുടർച്ചയായ സംഘർഷ പരമ്പരയുടെ പുതിയ ഘട്ടമായാണ് ഞങ്ങൾ കണക്കാക്കുന്നത്. സംഘർഷ ഭീഷണികൾക്കിടയിലും മേഖലയിലെ സമുദ്ര ഗതാഗതം സാധാരണഗതിയിൽ തുടരുന്നുണ്ടെങ്കിലും സംഘർഷങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ, പ്രതികൂല പ്രത്യാഘാതങ്ങൾ ഉണ്ടാകും. സംഘർഷം ലഘൂകരിക്കാനും അനന്തരഫലങ്ങളിൽനിന്ന് മേഖലയെ തടയാനും ഖത്തർ സജീവമായി പ്രവർത്തിക്കുന്നുണ്ട്’’ -അദ്ദേഹം പറഞ്ഞു. നയതന്ത്ര നീക്കങ്ങളും ചർച്ചകളും ഉപാധിയാക്കി സംഘർഷം അവസാനിപ്പിക്കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. ഇസ്രായേലി ആക്രമണം സ്ഥിതിഗതികൾ ലഘൂകരിക്കാനുള്ള പ്രാദേശിക ശ്രമങ്ങളെ വൈകിപ്പിക്കുകയാണ്. എല്ലാ കക്ഷികളും ചേർന്നുള്ള ചർച്ചകളിലൂടെ സംഘർഷം അവസാനിപ്പിക്കണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ആറു ദിവസമായി സംഘർഷം തുടരുമ്പോഴും മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ അടക്കം എണ്ണ, വാതക കയറ്റുമതി സാധാരണഗതിയിൽതന്നെ പ്രവർത്തനം തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

