സുസ്ഥിര നിർമാണങ്ങളിലെ ഖത്തർ മാതൃക
text_fieldsലുസൈൽ സ്റ്റേഡിയത്തിന് ജി.എസ്.എ.എസ് അംഗീകാരം
കൈമാറുന്ന ഡോ. യൂസുഫ് അൽ ഖോർ (ഫയൽ)
ദോഹ: സുസ്ഥിരതയിൽ അധിഷ്ഠിതമായ വികസന, നിർമാണങ്ങളിൽ ഖത്തറിന്റേത് മാതൃകാ പ്രവർത്തനമെന്ന് ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സ്ഥാപക ചെയർമാൻ ഡോ. യൂസുഫ് അൽ ഖോർ. പരിസ്ഥിതി സൗഹൃദ നിർമാണങ്ങളിലൂടെ ഗ്ലോബൽ സസ്റ്റെയിനബിലിറ്റി അസസ്മെന്റ് സിസ്റ്റം (ജി.എസ്.എ.എസ്) അംഗീകാരം നേടുന്നതിൽ മിഡിലീസ്റ്റിലെ മികച്ച രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും ‘ഗൾഫ് ടൈംസി’നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഇതിനോടകം രാജ്യത്തെ 2400ലധികം പദ്ധതികൾ ഗ്ലോബൽ സസ്റ്റെയിനബിലിറ്റി അസസ്മെന്റ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലുസൈൽ സിറ്റി, ഖത്തർ ഫൗണ്ടേഷന്റെ എജുക്കേഷൻ സിറ്റി, ലഖ്വിയ സിറ്റി എന്നിവക്കുള്ളിലെ ഖത്തറിന്റെ ഐക്കണിക് പ്രോജക്ടുകൾ എല്ലാം പ്രസ്തുത അംഗീകാരം നേടിയവയാണ് -അദ്ദേഹം പറഞ്ഞു. ഖത്തറിൽ 200 ദശലക്ഷം ചതുരശ്ര അടി ജി.എസ്.എ.എസ് സാക്ഷ്യപ്പെടുത്തിയ കെട്ടിടങ്ങളുണ്ടെന്നും ഫിഫ ലോകകപ്പ് 2022ന് വേദിയായ മുഴുവൻ സ്റ്റേഡിയങ്ങളും 100 ശതമാനം ജി.എസ്.എ.എസ് അംഗീകാരം നേടിയതാണെന്നും ഡോ. അൽഖോർ കൂട്ടിച്ചേർത്തു.
മിഡിലീസ്റ്റിലെ ആദ്യത്തെ ഗ്രീൻ ബിൽഡിങ്സ് സർട്ടിഫിക്കേഷൻ സംവിധാനമാണ് ജി.എസ്.എ.എസ്. കെട്ടിടങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സുസ്ഥിര ആഘാതങ്ങൾ വിലയിരുത്തുന്നതിനും കണക്കാക്കുന്നതിനുമായുള്ള മിന മേഖലയിലെ പ്രഥമ സംവിധാനമാണ് ഗ്ലോബൽ സസ്റ്റെയിനബിലിറ്റി അസസ്മെന്റ് സിസ്റ്റം അഥവാ ജി.എസ്.എ.എസ്.പെൻസിൽവാനിയ സർവകലാശാലയിലെ ടിസി ചാൻ സെന്റർ, അമേരിക്കയിലെ ജോർജിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സവിശേഷമായ ഗ്രീൻ ബിൽഡിങ് ചട്ടക്കൂടിന് ‘ഗോർഡ്’ രൂപം നൽകിയത്. ഗൾഫ് മേഖലയിൽ അതിവേഗം വളരുന്ന ഗ്രീൻ ബിൽഡിങ് റേറ്റിങ് സംവിധാനമായി ‘ഗോർഡ്’ മാറിയതായും ഡോ. അൽഖോർ വിശദീകരിച്ചു.
കെട്ടിടങ്ങളുടെ രൂപകൽപന, നിർമാണം, പ്രവർത്തനങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതോടൊപ്പം മിന മേഖലയിലെ നിർമിത പരിസ്ഥിതിയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ തിരിച്ചറിയുകയെന്നതും ജി.എസ്.എ.എസിന്റെ ലക്ഷ്യമാണ്. ഖത്തർ നിർമാണ മാനദണ്ഡങ്ങൾക്കുള്ളിലൂന്നി, രാജ്യത്തെ എല്ലാ സർക്കാർ പദ്ധതികൾക്കും ലുസൈൽ സിറ്റിയിലെ എല്ലാ സ്വകാര്യ, സർക്കാർ പദ്ധതികൾക്കും ജി.എസ്.എ.എസ് അംഗീകാരം നിർബന്ധമാക്കിയിട്ടുണ്ട്.
ഖത്തർ മ്യൂസിയങ്ങൾക്ക് കീഴിലുള്ള എല്ലാ മ്യൂസിയങ്ങളും ഈ അംഗീകാരം നേടിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.പരിസ്ഥിതി സംരക്ഷണം, വിഭവ സംരക്ഷണം, മനുഷ്യ ക്ഷേമം മെച്ചപ്പെടുത്തൽ എന്നീ മൂന്ന് തലങ്ങളിലൂന്നി സുസ്ഥിര നിർമിത പരിസ്ഥിതി സൃഷ്ടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയെന്നതും ജി.എസ്.എ.എസിന്റെ പ്രധാന ലക്ഷ്യങ്ങളിൽപെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

