നോമ്പുതുറക്കാൻ റോഡിൽ ഓവർ സ്പീഡാവരുതേ...
text_fieldsദോഹ: വൈകുന്നേരങ്ങളിൽ ഇഫ്താറിന് ലക്ഷ്യസ്ഥാനത്തെത്താൻ റോഡിൽ തിരക്കുകൂട്ടേണ്ടെന്ന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. നോമ്പുതുറക്കാനും പുലർച്ച നോമ്പുനോൽക്കാനുമുള്ള സമയത്ത് റോഡുകളിൽ അമിത വേഗത്തിൽ വാഹനം ഓടിക്കുന്നതും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നതും അപകടങ്ങൾ വിളിച്ചുവരുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏതു സമയവും പരിധിയിൽ കവിഞ്ഞ വേഗം പാടില്ലെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവനും ഇത് അപായമായി മാറുമെന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റിൽ അറിയിച്ചു.
ഡ്രൈവിങ്ങിനിടയിൽ നോമ്പുതുറക്കുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം. ഇഫ്താർ സമയമായാൽ വാഹനം നിർദിഷ്ട സ്ഥലങ്ങളിൽ പാർക്കുചെയ്ത് നോമ്പുതുറക്കുന്നതാണ് സുരക്ഷിതം. റമദാനിൽ പൊതുവെ വൈകുന്നേരങ്ങളിലാണ് റോഡപകടങ്ങൾ വർധിക്കുന്നത്.
ഓഫിസുകളിൽനിന്നും ജോലി കഴിഞ്ഞും തിരക്കുപിടിച്ച് വീടുകളിലേക്കും റൂമുകളിലേക്കുമുള്ള യാത്രയും ഷോപ്പിങ് കഴിഞ്ഞുള്ള ധൃതി പിടിച്ച യാത്രയുമെല്ലാം റോഡിലെ തിരക്കിനും കാരണമാകുന്നു. മുൻകരുതലും തയാറെടുപ്പുമായി ഇത്തരത്തിലെ തിരക്കുപിടിച്ച ഓട്ടം ഒഴിവാക്കാവുന്നത്.
ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം
ദോഹ: റമദാനിൽ റോഡുകളിലെ തിരക്ക് നിയന്ത്രിക്കാനും യാത്ര എളുപ്പമാക്കുന്നതിനുമായി ട്രക്കുകൾക്ക് നിയന്ത്രണം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം. രാവിലെ 7.30 മുതൽ 10 വരെയും, ഉച്ച 12.30 മുതൽ മൂന്നുവരെയും വൈകീട്ട് അഞ്ച് മുതൽ അർധരാത്രി 12 വരെയുമുള്ള സമയങ്ങളിൽ ട്രക്കുകളുടെ യാത്രക്ക് നിരോധനം ഏർപ്പെടുത്തി. തിരക്കേറിയ സമയങ്ങളിൽ ട്രക്കുകളെ റോഡുകളിൽനിന്ന് മാറ്റിനിർത്തുന്നതിന് വേണ്ടിയാണ് ഈ നിയന്ത്രണം പ്രഖ്യാപിച്ചത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും തിരക്കേറിയ സമയങ്ങളിൽ ഗതാഗതം സുഗമമാക്കുന്നതിനുമാണ് ഈ നിയന്ത്രണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
രാവിലെ സ്കൂൾ സമയവും ഉച്ചക്ക് ഓഫിസ് സമയവുമായതിനാൽ റോഡുകളിൽ പതിവിലേറെ തിരക്ക് വർധിക്കും. വൈകുന്നേരങ്ങളിൽ ഇഫ്താറിനും പ്രാർഥനകൾക്കുമായി ജനം പുറത്തിറങ്ങുന്നത് കണക്കിലെടുത്തുമാണ് നിയന്ത്രണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

