ഭക്ഷ്യസുരക്ഷക്ക് കർമപദ്ധതിയുമായി ആരോഗ്യ മന്ത്രാലയം
text_fieldsദോഹ: ഭക്ഷ്യദുരന്തങ്ങളും രോഗസാധ്യതകളും തടയുന്നതിനായി പ്രത്യേക കർമപദ്ധതിയുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം.
അടുത്ത അഞ്ച് വർഷത്തേക്കുള്ള കർമപദ്ധതിയാണ് ആരോഗ്യ മന്ത്രാലയം നേതൃത്വത്തിൽ ആവിഷ്കരിച്ചത്. ലോകാരോഗ്യ സംഘടനയുടെ ആഗോള ഭക്ഷ്യസുരക്ഷാ നയത്തിന് അനുസൃതമായി ഭക്ഷ്യദുരന്തങ്ങൾ തടയുകയും നിരീക്ഷിക്കുകയുമാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
വിപണികൾ, അറവുകേന്ദ്രങ്ങൾ, മാർക്കറ്റുകൾ, ഭക്ഷ്യ നിർമാണ-വിൽപന കേന്ദ്രങ്ങൾ എന്നിവടങ്ങളിലെ കാര്യക്ഷമമായ പരിശോധനകളിലൂടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്. 2023-‘24 കാലയളവിൽ ഭക്ഷ്യസുരക്ഷാ അധികൃതർ ശേഖരിച്ച 30,000ത്തിലധികം സാമ്പിളുകളിൽനിന്നുള്ള വിവരങ്ങളും നാലു ലക്ഷത്തോളം പരിശോധനാ ഫലങ്ങൾ കർമപദ്ധതിക്ക് കീഴിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് വിലയിരുത്തി.
ഇറക്കുമതി ചെയ്തതും പ്രാദേശികമായി ഉൽപാദിപ്പിച്ചതുമായ പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനി അവശിഷ്ടങ്ങളെക്കുറിച്ച റിപ്പോർട്ട് തയാറാക്കലും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്.
രാജ്യത്ത് ലഭ്യമായ പച്ചക്കറികൾക്കും പഴങ്ങൾക്കും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പാക്കും. സെൻട്രൽ മാർക്കറ്റുകളിലെ മത്സ്യങ്ങളുടെ ഗുണനിലവാരം, ബ്രെഡിലെ ഉപ്പിന്റെ അളവ് വിലയിരുത്തൽ എന്നിവയും ഉൾപ്പെടും.
മുനിസിപ്പാലിറ്റി മന്ത്രാലയവുമായി സഹകരിച്ച് അറവുമാടുകളിൽ വെറ്ററിനറി മരുന്നുകളുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനുള്ള പദ്ധതിയും ഭക്ഷ്യസുരക്ഷ വകുപ്പ് വികസിപ്പിച്ചിട്ടുണ്ട്.
ഉംസലാൽ, അൽഖോർ, വക്റ സെൻട്രൽ മാർക്കറ്റ് എന്നിവിടങ്ങളിലെ അറവുശാലകൾ ലക്ഷ്യമിട്ട് മൂന്നു മാസക്കാലയളവിലേക്കായി ഡിസംബർ ഒന്നിന് ആരംഭിച്ച സർവേ പുരോഗമിക്കുകയാണ്.
പക്ഷിപ്പനി, കുളമ്പുരോഗങ്ങൾ, പേ വിഷ ബാധ ഉൾപ്പെടെ ജന്തുജന്യ രോഗങ്ങൾ തടയുന്നതിനുള്ള മുൻകരുതലുകളും കർമ പദ്ധതിയിൽ ഉൾപ്പെടുത്തും. ആരോഗ്യ മന്ത്രാലയത്തിലെ ഭക്ഷ്യസുരക്ഷാ വകുപ്പും, മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ മൃഗസംരക്ഷണ വകുപ്പും ഉൾപ്പെടുന്ന സംയുക്ത സംഘമാണ് പുതിയ നടപടികൾ കൈകാര്യം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

