ഏഴ് ദിവസത്തിനകം ശമ്പളം നൽകണം ഡബ്ല്യു.പി.എസ് ചട്ടങ്ങളിൽ സുപ്രധാന ഭേദഗതികളുമായി ഖത്തർ തൊഴിൽ മന്ത്രാലയം
text_fieldsദോഹ: രാജ്യത്തെ തൊഴിലാളികളുടെ ശമ്പളം കൃത്യമായും സുരക്ഷിതമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനുമായി വേതന സംരക്ഷണ സംവിധാനത്തിൽ സുപ്രധാന ഭേദഗതികളുമായി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികൾക്ക് സമയബന്ധിതമായി വേതനം നൽകുന്നത് കൂടുതൽ കർശനമാക്കുന്ന പുതിയ തീരുമാനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭേദഗതികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനുള്ള സമയപരിധി സംബന്ധിച്ച വേതന സംരക്ഷണ സംവിധാനത്തിന്റെ (ഡബ്ല്യു.പി.എസ്) ചട്ടങ്ങളിൽ ഭേദഗതി വരുത്തി. നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് പതിപ്പ് 15-ലാണ് തൊഴിൽ മന്ത്രിയുടെ 2026-ലെ 50-ാം നമ്പർ തീരുമാനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതുപ്രകാരം തൊഴിലാളികളുടെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട 2015ലെ നാലാം നമ്പർ തീരുമാനത്തിലെ ചില വ്യവസ്ഥകളിലാണ് മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.
തീരുമാനത്തിലെ ആർട്ടിക്കിൾ 2 പ്രകാരം, വാർഷികമോ പ്രതിമാസമോ വേതനം ലഭിക്കുന്ന തൊഴിലാളികളുടെ ശമ്പളം വേതന തീയതി മുതൽ ഏഴ് ദിവസത്തിനകം രാജ്യത്തെ അംഗീകൃത സാമ്പത്തിക സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. ഓരോ കലണ്ടർ മാസത്തിന്റെയും ആദ്യ ദിവസമാണ് തൊഴിലാളികളുടെ ശമ്പളം നൽകേണ്ടത്. മറ്റ് തൊഴിലാളികളുടെ വേതനം ഓരോ രണ്ടാഴ്ചയുടെയും ആദ്യ ദിവസവും നൽകണം.
തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. ബന്ധപ്പെട്ട അധികാരികൾ തങ്ങളുടെ അധികാരപരിധിക്കുള്ളിൽ തീരുമാനം നടപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്. നിയമലംഘനം നടത്തുന്നത് നിശ്ചിക തുക പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണ്. ശമ്പളം കൃത്യമായി വിതരണം ചെയ്യാത്ത കമ്പനികൾക്കെതിരെ തൊഴിൽ മന്ത്രാലയം തക്കതായ നടപടികൾ സ്വീകരിക്കുമെന്നും പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

