ഖത്തർ തൊഴിൽ മന്ത്രാലയം: പരിഗണിച്ചത് 16 ലക്ഷത്തോളം വർക്ക് പെർമിറ്റുകൾ
text_fieldsദോഹ: 2025 രണ്ടാം പാദത്തിൽ ഖത്തർ തൊഴിൽ മന്ത്രാലയം വർക്ക് പെർമിറ്റ് വിഭാഗത്തിൽ പരിഗണിച്ചത് ആകെ 1,598,159 അപേക്ഷകൾ. കൂടുതൽ സുതാര്യവും സുരക്ഷിതവും ഉൽപാദനക്ഷമവുമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം അതിന്റെ സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിലും പരിശോധനകൾ വ്യാപിപ്പിക്കുകയും ചെയ്തതായി രണ്ടാം പാദത്തിൽ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
2025 രണ്ടാം പാദത്തിലെ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് ഖത്തർ തൊഴിൽ മന്ത്രാലയം കഴിഞ്ഞദിവസമാണ് പുറത്തുവിട്ടത്. ഇലക്ട്രോണിക് സേവനങ്ങളിലും ഫീൽഡ് വർക്കുകളിലും ഗണ്യമായ വർധനയാണുണ്ടായത്. പുതുക്കി നൽകിയത് 1,012,750 ജനറൽ വർക്ക് പെർമിറ്റുകളാണ്. കൂടാതെ, പുതിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷനായി 71,310 അപേക്ഷകളും പ്രത്യേക വർക്ക് പെർമിറ്റുകൾക്കായി 73,216 അപേക്ഷകളും രണ്ടാം പാദത്തിൽ പരിഗണിച്ചു.
തൊഴിൽ തർക്കങ്ങളുമായി ബന്ധപ്പെട്ട് ലേബർ ഡിസ്പ്യൂട്ട്സ് വിഭാഗത്തിന് തൊഴിലാളികളിൽനിന്ന് 1,844 പരാതികളാണ് ലഭിച്ചത്. കൂടാതെ, ലേബർ ഡിസ്പ്യൂട്ട്സ് റെസല്യൂഷൻ കമ്മിറ്റിക്ക് കൈമാറിയ 1,593 കേസുകളിൽ, 1,484 പരിഹാരമായി. മന്ത്രാലയത്തിന്റെ ലേബർ ഇൻസ്പെക്ഷൻ വിഭാഗം ഇക്കാലയളവിൽ ആകെ 8,947 പരിശോധനകൾ നടത്തി. വിവിധ നിയമലംഘനങ്ങൾ നീക്കം ചെയ്യുന്നതിനായി 595 മുന്നറിയിപ്പുകളും പുറപ്പെടുവിച്ചു.
വേജ് പ്രൊട്ടക്ഷൻ അടക്കം വിവധ നിയമംലംഘനങ്ങൾ നടത്തിയ 723 കമ്പനികൾക്കെതിരെ കഴിഞ്ഞ മൂന്നുമാസത്തിനുള്ളിൽ നടപടികൾ സ്വീകരിച്ചു. 730 റിക്രൂട്ട്മെന്റ് ഓഫിസുകളിലും പരിശോധനകൾ നടത്തിയിട്ടുണ്ട്. തൊഴിൽ കരാറുകൾ സാക്ഷ്യപ്പെടുത്തുന്നതിന് 156,641 അപേക്ഷകൾ ലേബർ റിലേഷൻസ് വിഭാഗത്തിന്റെ പരിഗണനയിലാണ്. ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വിഭാഗം 4,613 തൊഴിൽ സൈറ്റുകളിലും 2,303 താമസസ്ഥലങ്ങളിലും ഉൾപ്പെടെ 6,916 പരിശോധനകൾ നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

