ഖത്തർ മാധ്യമങ്ങൾ മാതൃക –പ്രധാനമന്ത്രി
text_fieldsദോഹ: മാധ്യമ ധാർമികതയിൽ ഖത്തർ മാധ്യമങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങളാണ് മുന്നോട്ട് വെക്കുന്നതെന്നും കൃത്യനിർവഹണ രംഗത്തും െപ്രാഫഷണലിസത്തിലും ഇവ പ്രത്യേകം ആദരവ് അർഹിക്കുന്നുവെന്നും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽഥാനി. ഖത്തർ മീഡിയാ കോർപറേഷൻ സന്ദർശിച്ചതിന് ശേഷം ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മീഡിയാ കോർപറേഷനിലെത്തിയ അദ്ദേഹം, ഖത്തർ ടിവി, ചാനൽ 37, ഖത്തർ റേഡിയോ തുടങ്ങിയവയും മറ്റു വിദേശചാനലുകളും സന്ദർശിച്ചു.
തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കുന്നതിൽ ഖത്തർ മാധ്യമങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും ദേശീയ മൂല്യങ്ങളെയും തത്വങ്ങളെയും കൈവെടിയാതെ തന്നെ വെല്ലുവിളികളെയും മാറ്റങ്ങളെയും നേരിടുന്നതിൽ ഖത്തർ മാധ്യമങ്ങളുടെ പങ്ക് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. സന്ദർശനത്തിനിടെ ഖത്തർ മീഡിയാ കോർപറേഷെൻറ ഭാവി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് അധികൃതർ പ്രധാനമന്ത്രിക്ക് വിശദീകരണം നൽകി. മാറ്റങ്ങളും വെല്ലുവിളികളും നേരിടുന്നതിൽ രാജ്യത്തെ മാധ്യമപ്രവർത്തകരുടെ പങ്കും വിലപ്പെട്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഖത്തർ മീഡിയാ കോർപറേഷന് പിന്നിൽ പ്രവർത്തിക്കുന്നവരെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഏറ്റവും സാധ്യമായ രീതിയിൽ രാജ്യത്തെ സേവിക്കുന്നത് തുടരണമെന്നാവശ്യപ്പെടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
