ഖത്തറിലെ പള്ളികൾ ജൂൺ 15 മുതൽ തുറന്നു തുടങ്ങും
text_fieldsദോഹ: ജൂൺ 15 മുതൽ ഖത്തറിലെ പള്ളികൾ നിയന്ത്രണങ്ങൾക്ക് വിധേയമായി തുറക്കുമെന്ന് ഇസ്ലാമിക കാര്യമന്ത്രാലയം ഔഖാഫ് അറിയിച്ചു. അതേസമയം ജുമുഅ നമസ്കാരം പള്ളികളിൽ നടക്കില്ല. അടുത്ത ഘട്ടമെന്ന നിലയിൽ ആഗസ്റ്റ് മാസത്തിൽ 54 പള്ളികളിൽ ജുമുഅ നമസ്കാരവും അനുവദിക്കും. സെപ്റ്റംബറോടെ എല്ലാ പള്ളികളും തുറക്കുകയും എല്ലായിടത്തും ജുമുഅ നമസ്കാരമടക്കം നടക്കുകയും ചെയ്യും.
അതേസമയം തുറക്കുന്ന പള്ളികളിലെ അംഗശുദ്ധി വരുത്താനുള്ള ഇടങ്ങളും ബാത്ത് റൂമുകളും അടച്ചിടും. ഇതിനാൽ നമസ്കാരത്തിന് വരുന്നവർ വീടുകളിൽ നിന്ന് തന്നെ അംഗശുദ്ധി വരുത്തിയായിരിക്കണം പള്ളികളിൽ എത്തേണ്ടത്. നമസ്കാരത്തിന് പള്ളികളിൽ നേരത്തേ വരരുത്. ബാങ്കുവിളിക്കുേമ്പാൾ മാത്രമേ പള്ളികൾ തുറക്കൂ. അതിന് മുമ്പ് പള്ളിയിൽ പ്രവേശനം ഉണ്ടാകില്ല. പള്ളിക്കുള്ളിൽ രണ്ട് മീറ്റർ അകലത്തിൽ മാത്രമേ ഇരിക്കാൻ പാടുള്ളൂ.
ഗ്ലൗസ് ധരിച്ചാണെങ്കിൽ പോലും പരസ്പരം ഹസ്തദാനം ചെയ്യാൻ പാടില്ല. തുമ്മുേമ്പാഴും ചുമക്കുേമ്പാഴും വായയും മൂക്കും മൂടണം. പള്ളികൾക്കുള്ളിൽ പ്രവേശിക്കുന്നതിന് മുമ്പ് ഇഹ്തിറാസ് ആപ്പ് മൊബൈലിൽ കാണിക്കണം. വരുന്നവർ സ്വന്തം നമസ്കാരപായ കൊണ്ടുവരണം. ഇത് മറ്റുള്ളവരുമായി പങ്കുവെക്കരുത്. അവ പള്ളികളിൽ വെച്ച് പോകാനും പാടില്ല.
പള്ളികളിൽ വരുന്നവർ മാസ്ക് ധരിക്കണം. ഖുർആൻ സ്വന്തമായി കൊണ്ടുവരണം. അവ കൈമാറ്റം ചെയ്യാൻ പാടില്ല. മൊബൈലിൽ നോക്കി ഖുർആൻ പാരായണവും പാടില്ല. നിലവിൽ രാജ്യത്തെ പള്ളികളെല്ലാം കോവിഡ്പ്രതിരോധ നടപടികളുെട ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. ജൂൺ 15 മുതൽ തുടങ്ങി സെപ്റ്റംബറോടെ ഘട്ടംഘട്ടമായി എല്ലാ കോവിഡ് നിയന്ത്രണങ്ങളും നീക്കുന്നതിൻെറ ഭാഗമായാണ് പള്ളികളും തുറക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.