കോവിഡ് ഭേദമായവർ തിരിച്ചെത്തിയത് ഉപ്പയില്ലാത്ത വീട്ടിലേക്ക്
text_fieldsദോഹ: കോവിഡ് തീർത്ത പ്രതിസന്ധികളിൽ ഉഴലുകയാണ് ഗൾഫിലുള്ള എല്ലാ പ്രവാസികളും. ഓരോദിനവും ഉള്ളുലക്കുന്ന കദനങ്ങളാണ് കേൾക്കുന്നത്. ഖത്തറിൽ കഴിയുന്ന തൃശൂർ സ്വദേശികളായ കുടുംബത്തിലെ ഗൃഹനാഥൻെറ വേർപാട് പ്രവാസി മലയാളികളുടെയാകെ ദുഖമാവുകയാണ്. തൃശൂർ കേച്ചേരി മുസ്ലിയാംവീട്ടിൽ കുഞ്ഞിമുഹമ്മദ് അബ്ദുൽ ജബ്ബാർ (65) ആണ് ചൊവ്വാഴ്ച ഖത്തറിൽ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച് 20 ദിവസമായി ചികിൽസയിലായിരുന്നു.
ന്യുമോണിയയും മൂർഛിച്ചതോടെ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. കുടുംബത്തിലുള്ള മറ്റുള്ളവർക്കും കോവിഡ് സ് ഥിരീകരിച്ചിരുന്നു. ഭാര്യയും മക്കളുമടങ്ങുന്നവർ ക്വാറൈൻറൻ കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ ദിവസമാണ് അബ്ദുൽ ജബ്ബാറിൻെറ വിയോഗവിവരവും ഇവരെ തേടിയെത്തിയത്. 40 വർഷമായി ഖത്തർ പ്രവാസിയായ ഇദ്ദേഹം മുനിസിപ്പാലിറ്റി വകുപ്പായ ബലദിയയിൽ ഉദ്യോഗസ്ഥനായിരുന്നു. വിരമിച്ചശേഷവും കുടുംബത്തോടൊപ്പം ഖത്തറിൽ തന്നെ കഴിയുകയായിരുന്നു. നല്ലൊരു കലാകാരൻ കൂടിയായ അദ്ദേഹം ആർട്ടിസ്റ്റ് ജബ്ബാർ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്.
ഭാര്യ സാജിത മുമ്പ് ഹമദിൽ ജോലി ചെയ്തിരുന്നു.
ആദ്യം ഹമദ് ആശുപത്രിയിലും പിന്നീട് ഹസംമിബൈരീക് കോവിഡ് ആശുപത്രിയിലുമായിരുന്നു ജബ്ബാർ ചികിൽസയിൽ കഴിഞ്ഞിരുന്നത്. മൃതദേഹം കോവിഡ് നടപടികൾ പൂർത്തീകരിച്ച് ഖത്തറിൽ ഖബറടക്കും.
മക്കളായ റീജ, അജ്നാസ്, അജ്മൽ എന്നിവർ ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലി ചെയ്യുന്നു. ഹനാൻ ദോഹ എം.ഇ.എസ് സ്കൂൾ വിദ്യാർഥിനിയാണ്. മാതാവ് സാജിതക്കും മക്കളായ അജ്നാസ്, അജ്മൽ, ഹനാൻ, അജ്നാസിൻെറ ഭാര്യ, മകൾ എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഇവർ ക്വാറൈൻറനിൽ കഴിയുകയായിരുന്നു, പിതാവ് ആശുപത്രിയിൽ ചികിൽസയിലും. ചൊവ്വാഴ്ചയാണ് എല്ലാവരും രോഗമുക്തി നേടി ക്വാറൈൻറൻ പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങിയെത്തിയത്. അബ്ദുൽ ജബ്ബാറിൻെറ മറ്റൊരു മകൾ ഷീജ ദുബൈയിലാണ്. ജാമാതാക്കൾ: സലീം, ഷാനവാസ്, ഫെമിന, സമീമ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.