ഖത്തറിൽ പുറത്തിറങ്ങുമ്പോൾ ഇനി മാസ്ക് നിർബന്ധം; ലംഘിച്ചാൽ രണ്ട് ലക്ഷം റിയാൽ പിഴ, മൂന്ന് വർഷം തടവ്
text_fieldsദോഹ: ഖത്തറിൽ ഇനി വീട്ടിൽ നിന്നും മറ്റിടങ്ങളിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഫേസ് മാസ്ക് നിർബന്ധമാക്കി.
മന്ത്രിസഭയുടേതാണ് തീരുമാനം.
1. രാജ്യത്തെ പൗരന്മാരും താമസക്കാരുമടക്കം എല്ലാവരും വീടിന് പുറത്തിറങ്ങുമ്പോൾ ആവശ്യം എന്തായാലും
നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. എന്നാൽ ഒരു വ്യക്തി സ്വന്തം കാറിൽ തനിച്ച് യാത്ര ചെയ്യുകയാണെങ്കിൽ മാസ്ക്
ധരിക്കേണ്ടതില്ല. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം ആവശ്യമായ നടപടികൾ കൈക്കൊള്ളും.
2. മാസ്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട് നിയമലംഘനം നടത്തുകയാണെങ്കിൽ സാംക്രമിക രോഗങ്ങൾ തടയുന്നതിനുള്ള
1990ലെ 17ാം നമ്പർ ഉത്തരവ് പ്രകാരം രണ്ട് ലക്ഷം റിയാൽ വരെ പിഴയോ അല്ലെങ്കിൽ മൂന്ന് വർഷം വരെ തടവോ
ചുമത്തപ്പെടും.
3. മന്ത്രിസഭ തീരുമാനം 2020 മെയ് 17 ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ
അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിലാണ് എല്ലാവർക്കും മാസ്ക് നിർബന്ധമാക്കിയ ഉത്തരവ് പുറത്തുവിട്ടത്.
ഏതാവശ്യത്തിന് വെളിയിലിറങ്ങുമ്പോഴും മാസ്ക് നിർബന്ധമാണ്. നിർദേശം ലംഘിക്കുകയാണെങ്കിൽ കടുത്ത
നിയമനടപടികൾക്ക് വിധേയമാകേണ്ടി വരുമെന്നും മന്ത്രിസഭ വ്യക്തമാക്കി.
കോവിഡ്–19 സംബന്ധിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളും സാഹചര്യങ്ങളും പൊതുജനാരോഗ്യ മന്ത്രി ഡോ.
ഹനാൻ മുഹമ്മദ് അൽ കുവാരി മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിച്ചു. കോവിഡ്–19 രാജ്യത്ത് പടർന്ന് പിടിക്കുന്ന
സാഹചര്യത്തിൽ നിലവിലെ നിയന്ത്രണങ്ങൾ തുടരാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.