Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രതിസന്ധികളിൽ കൈത്താങ്ങായി ഖത്തർ
cancel

കഴിഞ്ഞ നാളുകളിൽ യുദ്ധസമാനമായ സാഹചര്യത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന യുദ്ധങ്ങളെയും സംഘർഷങ്ങളെയും കുറിച്ച് വാർത്തകളിലൂടെ മാത്രം അറിഞ്ഞിരുന്ന പ്രവാസി സമൂഹത്തിന്, അതിന്റെ ഭീതിയും ആഘാതവും നേരിട്ട് അനുഭവിക്കേണ്ടി വരുന്നത് ഇതാദ്യമായിട്ടായിരിക്കും. തീർച്ചയായും എല്ലാവരും വലിയ ആശങ്കയിലായിരുന്നു, സുരക്ഷയെക്കുറിച്ച് ഭയമുണ്ടായിരുന്നു

ഒരു ബിസിനസുകാരൻ എന്ന നിലയിൽ ജീവനക്കാരുടെ സുരക്ഷയ്ക്കായിരുന്നു പ്രഥമ പരിഗണന നൽകിയത്. മെഡിക്കൽ-റീട്ടെയിൽ ഫാർമസി മേഖലയായതുകൊണ്ട് തന്നെ ഒരു അവശ്യ സർവിസാണ് കെയർ എൻ ക്യൂർ സ്ഥാപനം. ആദ്യഘട്ടത്തിൽ, ജീവനക്കാരെയെല്ലാം ഓൺലൈനായി യോഗം വിളിച്ചുകൂട്ടുകയും മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയും ആത്മവിശ്വാസവും ഉറപ്പുനൽകുകയുമാണ് ചെയ്തത്. അവരുടെ ആശങ്കകൾ കേൾക്കാനും കൗൺസിലിങ് നൽകാനുമായി ഒരു പ്രത്യേക ടീമിനെ നിയോഗിക്കുകയും ഹോട്ട്‌ലൈൻ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു.ഇത് കെയർ എൻ ക്യൂർ ടീമിന് വലിയൊരു ആശ്വാസമായി.

ജീവനക്കാരുടെ ആശങ്കകൾക്കൊപ്പം ബിസിനസ് സംബന്ധമായി വലിയ വെല്ലുവിളികളാണ് നേരിട്ടത്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള കപ്പൽ ചരക്കുകൾ പലയിടങ്ങളിലായി തടസ്സപ്പെട്ടു. ഹോർമുസ് കടലിടുക്ക് കടന്നുവന്ന കണ്ടെയ്നറുകൾ പോലും സമയത്തിന് ലഭ്യമാകാതെ വലിയ പ്രതിസന്ധിയുണ്ടായി. കാര്യങ്ങൾ പഴയപടിയാകാൻ ഇനിയും സമയമെടുത്തേക്കാം. പ്രതിസന്ധികൾ ഉണ്ടായെങ്കിലും ബിസിനസിനെ തകിടം മറിക്കുന്ന വലിയൊരു തകർച്ചയിലേക്ക് കാര്യങ്ങൾ പോയിട്ടില്ല.നേരിയ ഇടിവുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും അത് വിജയകരമായി മാനേജ് ചെയ്യുന്നുണ്ട്. അത് സാധ്യമായത് ജീവനക്കാരുടെ ഒത്തൊരുമയും ആത്മവിശ്വാസവും കാരണമാണ്. ഏതൊരു പ്രതിസന്ധി ഘട്ടത്തിലും ഏറ്റവും പ്രധാനം ലീഡർഷിപ്പിലുള്ള വിശ്വാസമാണ്. നേതൃത്വം ടീമിനെ ചേർത്തുപിടിക്കുക, ടീം നേതൃത്വത്തെ വിശ്വസിക്കുക -ആ തത്വം തന്നെയാണ് ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഞങ്ങളെ തുണച്ചത്.

കുടുംബം കൂടെയുണ്ടായിരുന്നത് വലിയ ആശ്വാസമായിരുന്നു. പരസ്പരം ധൈര്യം പകർന്ന് ഒന്നിച്ച് നിന്നതുകൊണ്ട് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഒരു പരിധി വരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിച്ചു.

മുൻകരുതലുകൾ / തയാറെടുപ്പുകൾ

യഥാർത്ഥത്തിൽ ഈ പ്രതിസന്ധി ഏതൊക്കെ രീതിയിലാണ് ബാധിക്കാൻ പോകുന്നതെന്നോ, എത്രകാലം നീണ്ടുനിൽക്കുമെന്നോ ആർക്കും കൃത്യമായ ധാരണയില്ല. അതുകൊണ്ടുതന്നെ കൃത്യമായ പ്ലാനിങ് ഇപ്പോൾ സാധ്യമല്ല. എന്നാൽ, ഒരു ബിസിനസിനെ സംബന്ധിച്ച് 'ക്യാഷ് ഫ്ലോ' ആണ് ഏറ്റവും നിർണായകമായ ഘടകം. അതിനാൽ ഞങ്ങളുടെ ഫിനാൻഷ്യൽ സൈഡ് വളരെ കെയർഫുൾ ആയിട്ടാണ് കൈകാര്യം ചെയ്യുന്നത്. അപ്രതീക്ഷിതമായി ക്യാഷ് ഫ്ലോയെ ബാധിക്കുന്ന തരത്തിൽ പ്രതിസന്ധി ഉണ്ടായാൽ അത് നേരിടാനുള്ള ബാക്കപ്പ് പ്ലാൻ തയാറാക്കിയിട്ടുണ്ട്.

ഫിനാൻഷ്യൽ പ്ലാനിങ്ങിനൊപ്പം തന്നെ ഞങ്ങൾ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ജീവനക്കാരെ ധൈര്യം പകർന്ന് കൂടെ നിർത്തുക എന്നതിനാണ്. ടീം അംഗങ്ങളുടെ ആത്മവിശ്വാസം നിലനിർത്തുക, അവർക്ക് ധൈര്യം പകരുക എന്നതാണ് പ്രധാനം. അവർ വല്ലാതെ മാനസികമായ പ്രയാസങ്ങളിലേക്കോ ഡിപ്രഷനിലേക്കോ പോകാതിരിക്കാൻ മാനേജ്‌മെന്റും സ്റ്റാഫും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ചാനൽ ഞങ്ങൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. മാനേജ്‌മെന്റ് പ്രതിനിധികൾ നിരന്തരം ജീവനക്കാരുമായി ബന്ധപ്പെടുകയും അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.

ഞങ്ങളുടെ സ്ഥാപനത്തിൽ ഏകദേശം 650-ഓളം ജീവനക്കാരുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ അവരുടെ ആശങ്കകൾ പരിഹരിക്കുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാന ലക്ഷ്യം. ഇതിനായി എല്ലാ വ്യാഴാഴ്ചകളിലും ഓൺലൈൻ വഴി ജീവനക്കാരുടെ യോഗം വിളിച്ചുചേർക്കാറുണ്ട്. നിലവിലെ സാഹചര്യങ്ങൾ അവരുമായി പങ്കുവെക്കാനും, അവരുടെ ആശങ്കകളും ബുദ്ധിമുട്ടുകളും നേരിട്ട് കേൾക്കാനും ഈ മീറ്റിങ്ങുകൾ സഹായിച്ചു. പ്രശ്നങ്ങളിൽ, പ്രതിസന്ധി ഘട്ടങ്ങളിൽ മാനേജ്മെന്റ് ഒപ്പമുണ്ടെന്ന ഉറപ്പും അവർക്ക് നൽകി. ജീവനക്കാരെ വൈകാരികമായിക്കൂടി പിന്തുണയ്ക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ജീവനക്കാരുടെ എണ്ണം കുറയ്ക്കാനോ ശമ്പളം വെട്ടിക്കുറയ്ക്കാനോ ഉള്ള ഒരു നടപടികളിലേക്കും ഞങ്ങൾ പോയിട്ടില്ല. പരമാവധി എല്ലാവരെയും സംരക്ഷിച്ചു നിർത്തിക്കൊണ്ടുള്ള ഒരു പോളിസിയാണ് സ്വീകരിച്ചത്, ഇപ്പോഴും അത് തുടരുന്നു.

മറ്റൊരു പ്രധാന കാര്യം, ഖത്തർ ഗവൺമെന്റിന്റെ സിസ്റ്റത്തെയും അവരുടെ പുതിയ പോളിസികളെയും ഞങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. പ്രതിസന്ധികളിൽ സമ്പദ്‌വ്യവസ്ഥ തകർന്നുപോകാൻ ഖത്തറിലെ ഭരണാധികാരികൾ അനുവദിക്കില്ലെന്ന ഉറച്ച ബോധ്യവും കോൺഫിഡൻസും ഞാനുൾപ്പെടുന്ന ബിസിനസ് സമൂഹത്തിനുണ്ട്. ആ ഗവൺമെന്റ് പിന്തുണ തന്നെയാണ് ഞങ്ങളുടെ ഏറ്റവും വലിയ ധൈര്യം.

ശാരീരിക -മാനസിക ആരോഗ്യത്തിന് മുൻഗണന നൽകുക

ഏതൊരു പ്രതിസന്ധി ഘട്ടത്തിലും നമ്മൾ സ്വീകരിക്കേണ്ട അടിസ്ഥാന തത്വം 'ബാക്ക് ടു ബേസിക്സ്'എന്നതാണ്. അതായത്, ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. അതിൽ പ്രധാനം നമ്മുടെ ബന്ധങ്ങളിലും നമ്മളിൽത്തന്നെയും ഇൻവെസ്റ്റ് ചെയ്യുക എന്നതാണ്. നമ്മളിൽ ഇൻവെസ്റ്റ് ചെയ്യുക എന്ന് പറയുമ്പോൾ നമ്മുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യത്തിന് മുൻഗണന നൽകുക എന്നാണ് അർത്ഥം.

സാമൂഹിക ആരോഗ്യം എന്നാൽ നമ്മുടെ ബന്ധങ്ങളാണ്. നമ്മുടെ സംഘടനകൾ, കുടുംബം, സുഹൃത്തുക്കൾ എന്നിവരുമായുള്ള ബന്ധങ്ങൾ ദൃഢമാക്കാൻ കൂടുതൽ സമയം കണ്ടെത്തണം. പരമാവധി ബന്ധങ്ങൾ പുതുക്കാനും, ഫാമിലി വിസിറ്റുകളും വിവിധ ആക്ടിവിറ്റികളും വഴി മനസ്സിനെ എപ്പോഴും സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിർത്താനും ശ്രമിക്കണം. കാരണം, നമ്മൾ മാനസികമായി കരുത്തരാണെങ്കിൽ മാത്രമേ ഏത് പ്രതിസന്ധിയെയും നമുക്ക് നേരിടാൻ സാധിക്കൂ.

കൂട്ടത്തിൽ ശാരീരിക ആരോഗ്യവും ഏറെ പ്രധാനമാണ്. ജിമ്മിൽ പോയോ നടക്കാൻ ഇറങ്ങിയോ ചെറിയ രീതിയിലുള്ള വ്യായാമങ്ങളിലൂടെയോ ശാരീരിക ക്ഷമത നിലനിർത്താൻ എല്ലാവരും ശ്രമിക്കണം. കൃത്യമായ ഡയറ്റ് കൂടി ശ്രദ്ധിച്ചുകൊണ്ട് ഹെൽത്തിയായ ഒരു ജീവിതശൈലി മുന്നോട്ട് കൊണ്ടുപോകുക. ഇതോടൊപ്പം കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങൾ ഒന്നുകൂടി ഊഷ്മളമാക്കി മാനസികാരോഗ്യം കാത്തുസൂക്ഷിക്കുക.

പിന്തുണയും കൈത്താങ്ങുമായി ഖത്തരി അതോറിറ്റി

മുൻ വർഷങ്ങളിലെ അനുഭവങ്ങൾ പരിശോധിച്ചാൽ ഖത്തർ നിരവധി പ്രതിസന്ധികളിലൂടെ വിജയകരമായി കടന്നുപോയതായി കാണാം. രാജ്യം നേരിട്ട ഉപരോധവും കോവിഡ് മഹാമാരിയും നാം പ്രതിരോധിച്ചു. അതിനുശേഷം, ഒരു പ്രതിസന്ധിയല്ലെങ്കിൽ പോലും, ആഗോളതലത്തിൽ ഏറ്റവും മികവാർന്ന, ശ്രദ്ധേയമായ ഫിഫ ലോകകപ്പിനും ഖത്തർ ആതിഥേയത്വം വഹിച്ചു. ഈ ഘട്ടങ്ങളിലെല്ലാം ലോകത്തിലെ മറ്റൊരു രാജ്യത്തിനും സാധ്യമാകാത്ത വിധത്തിൽ, ഖത്തർ ഭരണാധികാരികളും ഗവൺമെന്റും ജനങ്ങളും ഒരുമിച്ചാണ് പ്രതികരിച്ചതും നേരിട്ടതും. ഏറ്റവും വലിയ പ്രതിസന്ധിയായ ഉപരോധത്തെ ഖത്തർ അതിജീവിച്ചത് വളരെ വിജയകരമായാണ്. പിന്നീട് കോവിഡ് വന്നപ്പോഴും രാജ്യത്തെ ജനങ്ങളെ ഇത്രയേറെ സുരക്ഷിതമായി പരിപാലിച്ച മറ്റൊരു രാജ്യം കാണില്ല. ഈ അനുഭവങ്ങളാണ് ‘ഇനി എന്തുവന്നാലും ഖത്തറിൽ നമുക്ക് ഭയപ്പെടാനില്ല’ എന്ന ആത്മവിശ്വാസം നൽകുന്നത്. മറ്റുള്ളവരോട് നമുക്ക് പറയാനുള്ളതും ഇതുതന്നെയാണ്. ഇവിടുത്തെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ഏതു പ്രതിസന്ധിയെയും ഒത്തൊരുമയോടെ നേരിടാൻ കഴിയുമെന്ന ഉറച്ച കോൺഫിഡൻസ് തന്നെയാണുള്ളത്.

ഇവിടത്തെ ബിസിനസ് കമ്മ്യൂണിറ്റിക്ക് രാജ്യത്തെ വാണിജ്യ വ്യവസായ അന്തരീക്ഷത്തിലും ഭരണാധികാരികളുടെ കരുതലിലും സംരക്ഷണത്തിലും പൂർണ്ണ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ, ഏത് പ്രയാസകരമായ സാഹചര്യത്തിലും നമ്മളെല്ലാം സുരക്ഷിതരാണെന്ന ഉറച്ച ബോധ്യത്തോടെയാണ് മുന്നോട്ട് പോകുന്നത്.

ഭരണകൂടം നൽകുന്ന മികച്ച സൗകര്യങ്ങളിലും സുരക്ഷയിലും ഇന്ത്യൻ പ്രവാസി സമൂഹം സംതൃപ്തരാണ്. മുന്നിൽ നിന്ന് നയിക്കാൻ കരുത്തനായ ഭരണാധികാരിയുണ്ടെന്നതാണ് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് ഇത്രമേൽ ആത്മവിശ്വാസം നൽകുന്നത്. നമ്മളെ മുന്നിൽ നിന്ന് നയിക്കുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഭരണനൈപുണ്യത്തിലും ദീർഘവീക്ഷണത്തിലും വലിയ വിശ്വാസമുണ്ട്... പ്രതീക്ഷയുണ്ട്.

അമീർ ശൈഖ് തമീമിനും ഖത്തറി അതോറിറ്റിക്കും ഹൃദയം നിറഞ്ഞ നന്ദിയും ആദരവും രേഖപ്പെടുത്തുന്നു.

തയാറാക്കിയത് -മുസ്താഖ് അലവി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Qatar lends a helping hand in times of crisis
Next Story