ദോഹ: ലെഗാറ്റം ആഗോള അഭിവൃദ്ധി സൂചികയിൽ ഖത്തറിന് മുന്നേറ്റം. സുരക്ഷിത അന്തരീക്ഷം, ആധുനിക ആരോഗ്യ സേവനങ്ങൾ, മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം, രൂപാന്തരപ്പെടുന്ന അടിസ്ഥാന സൗകര്യം എന്നിവ മുൻനിർത്തിയാണ് സൂചികയിൽ ഖത്തർ മികച്ച റാങ്കിൽ നേട്ടം കൊയ്തിരിക്കുന്നത്. മേഖലയിലെ മറ്റു രാജ്യങ്ങളേക്കാൾ വളരെ മുന്നിലെത്തിയ ഖത്തർ ആഗോളാടിസ്ഥാനത്തിൽ 46ാം സ്ഥാനത്താണ് സൂചികയിലിടം നേടിയിരിക്കുന്നത്. 300 ദേശീയതല സൂചകങ്ങളാൽ അളക്കപ്പെടുന്ന 67 ഘടകങ്ങളിലൂന്നിയാണ് ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് സൂചിക തയാറാക്കുന്നത്. ഇൻക്ലൂസിവ് സൊസൈറ്റി, ഓപൺ ഇക്കോണമി, എംപവേർഡ് പീപ്പ്ൾ എന്നീ മൂന്ന് സ്തംഭങ്ങളിൽ 12 ഘടകങ്ങളാണ് സൂചികയിലുള്ളത്. സുരക്ഷ, വ്യക്തി സ്വാതന്ത്ര്യം, ഭരണം, സാമൂഹിക മൂലധനം, നിക്ഷേപാന്തരീക്ഷം, സംരംഭകത്വ നിബന്ധനകൾ, ഇൻഫ്രാസ്ട്രക്ചർ ആൻഡ് മാർക്കറ്റ് ആക്സസ്, ഇക്കണോമിക് ക്വാളിറ്റി, ജീവിത സാഹചര്യം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി എന്നിവയാണവ.
ലെഗാറ്റം സൂചിക പ്രകാരം സുരക്ഷിതത്വത്തിലും എൻറർപ്രൈസ് കണ്ടീഷനിലും ഖത്തർ ഏറെ മുന്നിലെത്തിയിട്ടുണ്ട്. അതേസമയം, വിദ്യാഭ്യാസ മേഖലയിൽ വലിയ പുരോഗതിയാണ് കഴിഞ്ഞ ദശാബ്ദത്തിനിടെ ഖത്തർ കാഴ്ചവെച്ചിരിക്കുന്നത്. സുരക്ഷയിൽ ആഗോളാടിസ്ഥാനത്തിൽ 15ാം സ്ഥാനത്തും എൻറർപ്രൈസ് കണ്ടീഷനിൽ 20ഉം ആരോഗ്യത്തിൽ 39ഉം സ്ഥാനത്താണ് സൂചികയിൽ ഖത്തറിന്റെ ഇടം. ജീവിത നിലവാരത്തിൽ 46ാം സ്ഥാനത്തും വിദ്യാഭ്യാസത്തിൽ 58ാം സ്ഥാനത്തുമാണ് ഖത്തർ.
ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അഭിവൃദ്ധി സൂചിക ചട്ടക്കൂട് ഉപയോഗപ്പെടുത്തി ഓരോ രാജ്യങ്ങൾക്കും തങ്ങളുടെ ശക്തിയും ദൗർബല്യവും വിലയിരുത്താനും സാധിക്കുന്നതോടൊപ്പം കൂടുതൽ സമൃദ്ധി കൈവരിക്കുന്നതിനാവശ്യമായ നയനിലപാടുകൾ രൂപവത്കരിക്കാനും കഴിയുമെന്ന് ലെഗാറ്റം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. നിരവധി ആഗോള സർവേകളിലും സൂചികകളിലും ഖത്തർ വലിയ നേട്ടമാണ് കഴിഞ്ഞ ദശാബ്ദത്തിനിടെ കരസ്ഥമാക്കിയിരിക്കുന്നത്.
സുരക്ഷ, ജീവിത നിലവാര സൂചികകളിൽ ഖത്തറിന് ആഗോള തലത്തിൽ വലിയ സ്ഥാനമാണുള്ളത്. നുംബിയോ ക്രൈം ഇൻഡക്സിൽ ഖത്തർ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ കൂടെയാണ്. ബ്രിട്ടന്റെ ഹോളിഡു വെബ്സൈറ്റ് പ്രകാരം ഒരു സ്ത്രീക്ക് ഒറ്റക്ക് സഞ്ചരിക്കാൻ കഴിയുംവിധത്തിൽ ദോഹ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നാണ്.